മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാര കൃഷ്ണകുമാറിനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത് മകൾ സാവൻ ഋതു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സാവൻ ഋതു പുരസ്കാരം സ്വീകരിച്ചു.
കണ്ടുനിന്നവരിൽ വാത്സല്യം നിറയുന്ന നിമിഷമായിരുന്നു അത്. അമ്മയ്ക്ക് വേണ്ടി മകൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോൾ അത് വേദിയിലുള്ളവർക്കും കൗതുകമായിരുന്നു. 50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സിതാരയുടെ അസാന്നിധ്യത്തിലാണ് മകൾ വേദിയിലെത്തിയത്. സിതാരയുടെ അച്ഛൻ കൃഷ്ണകുമാറിനൊപ്പമാണ് സാവൻ ഋതു വേദിയിലെക്കെത്തിയത്. മകൾ പുരസ്കാരം സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സിതാര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈ അംഗീകാരം ഇവർക്കുള്ളതെന്നാണ് ഗായിക കുറിച്ചിരിക്കുന്നത്.
‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്.
ഗായിക സിതാരയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി മകൾ; വിഡിയോ
09:38 AM Sep 26, 2022 | Deepika.com