"പറ്റില്ലെങ്കിൽ വേറെ പണിക്കു പോകാൻ പറഞ്ഞു; ആളുകളുടെ നടുവിൽ ഞാൻ വിളറിവെളുത്തു!'

06:10 PM Sep 25, 2022 | Deepika.com

യുവനടിമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. മിനി സ്ക്രീനിൽ നിന്നു വെള്ളിത്തിരയിലെത്തിയ താരമാണ് നമിത. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്‍റെ വേഷം ചെയ്താണ് നമിത ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. പിന്നീടു മാനസപുത്രി, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നമിത.

ഫാഷനിൽ വ്യത്യസ്തത പുലർത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസ് തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെക്കുറിച്ചു തുറന്നുപറയുകയാണ് നമിത. ഒരഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ.

വിക്രമാദിത്യൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു സംഭവം. ഗാനരംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നിൽ വെച്ചു വഴക്കു പറഞ്ഞപ്പോൾ താൻ വിളറിപ്പോയെന്നും നമിത പറഞ്ഞു. ലാലു അങ്കിൾ എനിക്ക് അച്ഛനെ പോലെയാണ്.

വിക്രമാദിത്യൻ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈൻ ഉണ്ട്. പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈൻ ഉള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടി. കാമറ വച്ചിരിക്കുന്നത് വൈഡാണോ ക്ലോസ് ആണോ എന്നെനിക്കറിയില്ലായിരുന്നു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്. മൈക്കിൽ കൂടി “കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ”, എന്ന് പറഞ്ഞു.

ഞാൻ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷേ എല്ലാവരും അതു കേട്ടല്ലോ എന്ന വിഷമമായിരുന്നു എനിക്ക്- നമിത പറഞ്ഞു.

ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ നായകരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014- ൽ പുറത്തിറങ്ങിയ സിനിമ വൻ വിജയമാണു നേടിയത്.