താൻ ഇപ്പോളേ താടിയൊക്കെ കറുപ്പിച്ച് തുടങ്ങിയെന്നും ഈ പോക്ക് പോയാൽ മമ്മൂട്ടിയുടെ ബാപ്പയായി അഭിനയിക്കേണ്ടി വരുമെന്ന രസകരമായ മറുപടിയുമായി ദുൽഖർ സൽമാൻ.
അച്ഛനായി അഭിനയിക്കേണ്ടി വരുന്പോൾ തനിക്ക് മേക്കപ്പിന്റെ പോലും ആവശ്യം വരില്ലെന്നും അദ്ദേഹം എങ്ങനെയാണ് ഇന്നും അതുപോലെ തന്നെ ഇരിക്കുന്നതെന്ന് ഞാൻ ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.
‘‘ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ അമിതാഭ് ബച്ചൻെ അച്ഛനായി അഭിനയിച്ചിരുന്നു.അത്തരമൊരു പ്രോജക്റ്റ് താങ്കൾക്കും മമ്മൂട്ടിയ്ക്കൊപ്പം എത്തിയാൽ എങ്ങനെയാവും പ്രതികരണം?’’ എന്നായിരുന്നു ഒരു അഭിമുഖത്തിൽ അവതാരികയുടെ ചോദ്യം.
‘‘അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും.
എനിക്ക് എന്തായാലും ഏജിംഗ് പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ടുതന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ’’.–മറുപടിയായി ദുൽഖർ പറഞ്ഞു.
‘‘വാപ്പയുടെ കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷേ അക്കാര്യത്തിൽ അവസാന തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതിൽനിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയേ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണ്’’ – ദുൽഖർ കൂട്ടിച്ചേർത്തു.
ഞാന് താടിയൊക്കെ കറുപ്പിച്ച് തുടങ്ങി; വൈകാതെ വാപ്പച്ചിയുടെ ബാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ സൽമാൻ
10:58 AM Sep 23, 2022 | Deepika.com