"നിങ്ങള്‍ക്കു മാത്രം വിവാഹം കഴിച്ചാല്‍ മതിയോ?'

02:59 PM Sep 20, 2022 | Deepika.com

വിവാഹവും വിവാഹമോചനവും പുനർവിവാഹവും സിനിമാരംഗത്തു സാധാരണമാണ്. വിവാഹമോചനം നേടി നില്‍ക്കുന്ന പല നടിമാരും രണ്ടാമതു വിവാഹിതരാവാന്‍ പോവുകയാണെന്ന തരത്തില്‍ പല കഥകളും പുറത്തു വരാറുണ്ട്.

അത്തരത്തില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാളും രണ്ടാമതു വിവാഹിതയായേക്കും എന്ന വാര്‍ത്തകള്‍ കുറച്ചു വര്‍ഷങ്ങളായിട്ട് പ്രചരിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നടി നിഷേധിക്കുകയാണു പതിവ്.

ഏറ്റവും പുതിയതായി വീണ്ടും സോണിയയുടെ വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നേരത്തെ വിവാഹം കഴിച്ചെങ്കിലും അതു വേര്‍പിരിഞ്ഞ് സിംഗിളായി കഴിയുകയായിരുന്നു സോണിയ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രം കണ്ടതോടെയാണു നടിയുടെ രണ്ടാം വിവാഹമായോ എന്ന ചോദ്യം ഉയര്‍ന്നു വന്നത്.

തന്‍റെ കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാറുള്ള സോണിയ അഗര്‍വാള്‍ കഴിഞ്ഞ ദിവസം സ്വന്തം ഫോട്ടോയുമായിട്ടാണ് എത്തിയത്.

ചിത്രത്തില്‍ ഇരുകൈകളിലും മെഹന്തി അണിഞ്ഞിട്ടുമുണ്ട്. വളരെ സിംപിളായിട്ടുള്ള മെഹന്തി ഡിസൈന്‍ ആണെങ്കിലും മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെയിലാണ് നിങ്ങള്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ? എന്നൊരു ചോദ്യം ആരാധകനില്‍ നിന്നും വരുന്നത്.

പെട്ടെന്നു തന്നെ ഈ സംശയത്തിനുള്ള മറുപടി പറഞ്ഞ് സോണിയ തന്നെ എത്തി... ഹഹഹ, എന്താണ് നിങ്ങള്‍ക്കു മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളോ? എന്തായാലും എന്‍റെ വിവാഹത്തിന്‍റെ മെഹന്തി ഇത്രയും ചെറുതായിരിക്കില്ല എന്നും സോണിയ തമാശരൂപേണ മറുപടിയായി പറഞ്ഞു. ഇതോടെ നടിയുടെ വിവാഹമല്ലെന്നും മറ്റെന്തെങ്കിലും പരിപാടികള്‍ക്ക് വേണ്ടി മെഹന്തി ഇട്ടതായിരിക്കാമെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്.

സംവിധായകനും തിരക്കഥാകൃത്തുമായ സെല്‍വരാഘവനെയാണ് സോണിയ ആദ്യം വിവാഹം കഴിക്കുന്നത്. 2006-ല്‍ വിവാഹിതരായ താരങ്ങള്‍ നാലു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം അവസാനിപ്പിച്ചു. 2010-ലാണു നിയമപരമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്ത വരുന്നത്. ശേഷം സെല്‍വരാഘവന്‍ മറ്റൊരു വിവാഹം കഴിച്ചു കുടുംബസ്ഥനായെങ്കിലും സോണിയ അതിലേക്കു കടന്നില്ല.

സിംഗിളായി കഴുന്നതിനാൽ സോണിയ വൈകാതെ വിവാഹിതയായേക്കുമെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷവും വാര്‍ത്ത വന്നിരുന്നു. ട്വിറ്ററിലൂടെ വിവാഹത്തിന്‍റെയും വിവാഹമോതിരത്തിന്‍റെയുമൊക്കെ ഫോട്ടോയുമായി എത്തിയതോടെയാണ് സോണിയയുടെ വിവാഹക്കാര്യം അന്നു ചര്‍ച്ചയായത്. അന്നും നടി ഇതു നിഷേധിച്ചിരുന്നു.