തരംഗം തീർക്കാൻ കന്നഡയിൽ നിന്ന് മറ്റൊരു ചിത്രം; കബ്സ വരുന്നു

02:58 PM Sep 19, 2022 | Deepika.com

കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിന്‍റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അതേപോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്. ഉപേന്ദ്രയും കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന കബ്സ എന്ന ചിത്രം.

ശ്രീ സിദ്ധേശ്വര എന്‍റർപ്രൈസസിന്‍റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമിച്ച് എംടിബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെജിഎഫിന് സംഗീതമൊരുക്കിയ രവിബസ്രൂറാണ് കബ്സയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

1947-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.



മാസ് ആക്ഷൻ പിരിയോഡിക് എന്‍റർടെയ്നർ വിഭാഗത്തിൽപ്പെടുന്ന കബ്സയുടെ ആക്ഷൻ കോറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഫൈറ്റ്മാസ്റ്റേഴ്സായ പീറ്റർ ഹെയ്ൻ, രവിവർമ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ തുടങ്ങിയവരാണ്. ഇവർ ഒരുക്കിയിരിക്കുന്ന സംഘട്ടനരംഗങ്ങൾ എല്ലാം തന്നെ തിയറ്ററിൽ തരംഗം തീർക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംഗ്, മുരളി ശർമ, പോശാനി കൃഷ്ണമുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ബംഗാളി തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് പ്രദർശനത്തിന് എത്തുക.