ഓഡിഷനു പോയത് മമ്മൂക്കയെ കാണാൻ

02:40 PM Sep 19, 2022 | Deepika.com

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പദ്മപ്രിയ. ബംഗാളി, ഹിന്ദി, കന്നട, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് താരസുന്ദരി. ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയെന്ന വിശേഷണം പദ്മപ്രിയയ്ക്കുണ്ട്.

തമിഴ്-പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28-ന് ഡൽഹിയിലാണ് പദ്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നു. 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. അമേരിക്കയിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാവുന്നത്.

ഇപ്പോൾ വിവാഹത്തെക്കുറിച്ചും പുതിയ സിനിമയായ തെക്കൻ തല്ലിനെക്കുറിച്ചും പദ്മപ്രിയ സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. പദ്മപ്രിയയുടെ വാക്കുകൾ...

"എനിക്ക് അന്നു കല്യാണത്തിനു താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങളുടേത് കരൺ ജോഹർ ലവ് സ്റ്റോറിയാണ്. ആദ്യത്തെ ഡേറ്റിൽ ഞങ്ങൾ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. പിന്നെ രണ്ടാമത്തെ ഡേറ്റിൽ ഇഷ്ടമാണെന്നു പറഞ്ഞു. മാത്രമല്ല ആ ഡേറ്റിൽ വച്ച് തന്നെ ഇനി വച്ച് താമസിപ്പിക്കേണ്ട വിവാഹമാകാമെന്ന് തീരുമാനിക്കുകയായിരുന്നു.

സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും ബാലൻസിൽ രണ്ടുപേരും പോയാൽ ജീവിതം വളരെ സ്മൂത്താണ്. ദൈവത്തിന്‍റെ കൃപകൊണ്ട് ഞങ്ങളുടേത് അങ്ങനെയാണ് പോകുന്നത്'- പദ്മപ്രിയ പറയുന്നു.

എന്‍റെ അച്ഛൻ മമ്മൂട്ടി ഫാനാണ്. പക്ഷേ ഞാൻ മമ്മൂക്കയുടെ സിനിമകൾ കണ്ടിട്ടില്ലായിരുന്നു. അങ്ങനെ മമ്മൂക്കയെ കാണമല്ലോയെന്നുള്ള ആഗ്രഹം കൊണ്ടാണ് ഓഡീഷനു പോയത്. അന്നു വിയർത്തു കുളിച്ചാണ് അവിടെ ചെന്നതെന്നും പദ്മപ്രിയ കൂട്ടിച്ചേർത്തു.

പദ്മപ്രിയയുടെ ഏറ്റവും പുതിയ റിലീസ് ബിജു മേനോൻ നായകനാകുന്ന ഒരു തെക്കൻ തല്ല് കേസാണ്. ജി.ആർ. ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എന്‍ ആണ്.