സംഗീത സംവിധായകൻ എ.ആർ.റഹ്മാനു വേണ്ടി പാട്ടെഴുതിയതിന്റെ സന്തോഷത്തിലാണ് നടൻ നീരജ് മാധവ്. ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച ചിത്രം ‘വെന്തു തനിന്തതു കാടി’നു വേണ്ടിയാണ് നീരജിന്റെ പാട്ട്.
എ.ആർ.റഹ്മാന്റെ സംഗീതത്തിൽ റാപ് ഗാനത്തിനു വരികളെഴുതി ആലപിച്ചതോടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് നിറവേറ്റുകയാണ് നീരജ് മാധവ് പറയുന്നു. നടന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘വെന്തു തനിന്തതു കാട്’.
‘അതെ, എ.ആർ.റഹ്മാൻ സാറിനു വേണ്ടി ഞാൻ ഒരു പാട്ടെഴുതി പാടിയിരിക്കുന്നു. സ്വപ്നങ്ങൾക്കായി പരിശ്രമിക്കുക. അപ്പോഴത് യാഥാർഥ്യമാകും. ഇത് ആരോടും പറയാതിരിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവർക്ക് ഇക്കാര്യം മനസ്സിലായിട്ടുണ്ടാകും.
ഇപ്പോൾ എനിക്കിത് ലോകത്തോടു വിളിച്ചുപറയാനാകും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ.റഹ്മാനു വേണ്ടി ചില വരികൾ അദ്ദേഹത്തിന്റെ മുൻപിൽ ആലപിക്കാനുള്ള അവസരം എനിക്കു ലഭിച്ചു.
അദ്ദേഹത്തിനൊപ്പം സ്റ്റുഡിയോയിലിരുന്ന സമയം ശരിക്കുമൊരു ഫാൻബോയ് നിമിഷമായിരുന്നു. വെന്തു തനിന്തതു കാട് ഇപ്പോൾ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ഒരു നടൻ, റാപ്പർ എന്നീ നിലകളിൽ എന്റെ തമിഴ് സിനിമാ അരങ്ങേറ്റം’, നീരജ് കുറിച്ചു.
എ.ആർ.റഹ്മാന് വേണ്ടി റാപ്പ് ഗാനം ഒരുക്കി നീരജ് മാധവ്
11:41 AM Sep 18, 2022 | Deepika.com