"മനോഹരം' ആദ്യരാത്രി..!

08:18 PM Oct 06, 2019 | Deepika.com

കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമുള്ള കല്യാണങ്ങളും ആദ്യരാത്രികളും പ്രേക്ഷകർ സ്ക്രീനിൽ കണ്ടുകഴിഞ്ഞു. അപ്പോൾ ആദ്യരാത്രി എന്ന് ടൈറ്റിലുമിട്ട് ഒരു സിനിമ എത്തുമ്പോൾ അതിൽ എന്താ പുതിയ സംഭവമെന്ന് അറിയാൻ സ്വാഭാവികമായും ഒരു ആകാംക്ഷ തോന്നുമല്ലോ. ആ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ബിജു മേനോനും സംഘവും എത്തുന്നത്.

ബിജു മേനോൻ- ജിബു ജേക്കബ് കോംബോ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് വെള്ളിമൂങ്ങയാണ്. തീയറ്ററുകൾ‌ ഉത്സവപ്പറമ്പാക്കിയ ചിത്രം ബിജു മേനോനെ ജനപ്രിയ നായകൻ എന്ന പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. ഈ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ വിജയപ്രതീക്ഷ‍യെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.



വെള്ളിമൂങ്ങയുടെ വിജയം മനോഹരനിലൂടെ ആവർത്തിക്കാനാണ് ബിജു മേനോനും ജിബു ജേക്കബും ആദ്യരാത്രിയിലൂടെ വീണ്ടുമെത്തിയത്. അത് ഏറെക്കുറെ വിജയമാകുകയും ചെയ്തു. വെള്ളിമൂങ്ങയോളം വരില്ലെങ്കിലും അത്യാവശ്യം ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള വക ആദ്യരാത്രിയിലുണ്ട്.

ആലപ്പുഴയിലെ കായലോര ഗ്രാമമായ മുല്ലക്കരയിലെ മനോഹരന്‍റെ (ബിജു മേനോൻ) വീട്ടിലെ ഫ്ലാഷ് ബാക്കിൽ നിന്നാണ് ആദ്യരാത്രി തുടങ്ങുന്നത്. സഹോദരി വിവാഹത്തലേന്ന് ഒളിച്ചോടിപ്പോകുന്നതോടെ മനോഹരൻ തകർന്നുപോകുന്നു. പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ വിവാഹദല്ലാളായി മാറുകയാണ്.



ചിത്രത്തിന്‍റെ ട്രെയിലറിൽ പറയുന്നതുപോലെ ഇന്ന് മനോഹരനാണ് മുല്ലക്കരയുടെ എല്ലാമെല്ലാം. മുല്ലക്കരക്കാർക്ക് വിവാഹം എന്നാൽ മനോഹരൻ ആണ്. കല്യാണം ഏതു മതക്കാരുടെയും ആ‍യിക്കോട്ടെ, എന്ത് തടസം വേണമെങ്കിലും വന്നോട്ടെ, അതിന്‍റെയെല്ലാം മധ്യത്തിൽ മനോഹരൻ ഉണ്ടാകും. മനോഹരൻ ഉണ്ടെങ്കിൽ‌ നടക്കാൻ പാടുള്ള ഏതു കല്യാണവും നടക്കും.

പക്ഷേ സഹോദരിയുടെ അനുഭവം ഇപ്പോഴും മനോഹരനെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് പ്രണയം, ഒളിച്ചോട്ടം എന്നൊക്കെ കേട്ടാൽ ലോകകലിപ്പാണ് അയാൾക്ക്. യുവാക്കളാകട്ടെ, പിഞ്ചുകുഞ്ഞുങ്ങളാകട്ടെ, കൈകോർത്ത് ഒരുമിച്ച് പോകുന്നത് മനോഹരന് സഹിക്കില്ല. അതുകൊണ്ടുതന്നെ നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ ചെറുപ്പക്കാർക്കും മനോഹരനെ സദാചാരപോലീസിനേക്കാൾ പേടിയാണ്.



മേൽപ്പറഞ്ഞതെല്ലാം മനോഹരനെക്കുറിച്ചുള്ള ആമുഖം മാത്രമാണ്. മുൻകാമുകിയുടെ മകളായ അശ്വതിയുടെ (അനശ്വര രാജൻ) വിവാഹാലോചന മനോഹരൻ ഏറ്റെടുക്കുന്നതു മുതലാണ് ചിത്രം ശരിക്കും ട്രാക്കിലേക്ക് എത്തുന്നത്. അശ്വതിക്കായി അയാൾ കണ്ടെത്തുന്നത് നാട്ടിലെ പ്രമാണിയും ധനികയുവാവുമായ കുഞ്ഞുമോനെയാണ് (അജു വർഗീസ്).

എന്നാൽ ആ വിവാഹാലോചന അയാളെ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഒരു പ്രശ്നം തീരുമ്പോൾ അതിലും വലിയ മറ്റൊരു പ്രശ്നം വന്നുകഴിയും. അങ്ങനെ നാട്ടിലും ബംഗളൂരുവിലുമായി പ്രശ്നത്തിൽപെട്ടുഴലുന്ന മനോഹരന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഒടുവിൽ, വിവാഹത്തിൽ പെൺ‌കുട്ടിയുടെ താത്പര്യങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന മനസിലാക്കിത്തന്നിട്ടാണ് മനോഹരൻ‌ സ്ക്രീൻ വിട്ടുപോകുന്നത്.



വെള്ളിമൂങ്ങ പോലെ ഒരു ഫുൾ ഫ്രഷ് കോമഡി എന്‍റർടെയിനറായി ആദ്യരാത്രിയെ കണക്കാക്കാനാവില്ലെങ്കിലും അത്യാവശ്യം ചിരിയുണർത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ആദ്യപകുതിയിലെ കോമഡി ട്രാക്ക് തിരികെപ്പിടിക്കാൻ പലപ്പോഴും രണ്ടാമത്തെ പകുതിക്ക് കഴിയാതെ പോയി. ക്ലൈമാക്സിലേക്ക് എത്തുന്നതിനു മുമ്പ് പലപ്പോഴും ചിത്രത്തിന്‍റെ രസച്ചരട് മുറിയുന്നതായി അനുഭവപ്പെടും. ഒടുവിൽ ഒരു ഞാണിന്മേൽകളി പോലെ ഒപ്പിച്ചെടുത്തു എന്ന് തോന്നിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കും.

ക്വീൻ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ഷാരിസ് മുഹമ്മദും ജെബിൻ ജോസഫ് ആന്‍റണിയും ചേർന്നാണ് ആദ്യരാത്രിക്ക് തിരക്കഥയൊരുക്കിയത്. തിരക്കഥയിലെ ദൗർബല്യം ഇടയ്ക്കിടെ പൊന്തിവരുമ്പോഴെല്ലാം രക്ഷകനായി ബിജു മേനോൻ എത്തുന്നുണ്ട്.



ബിജു മേനോനൊപ്പം മനോജ് ഗിന്നസ്, അജു വർഗീസ്, ബിജു സോപാനം, പോളി വിൽസൺ എന്നിവരെയാണ് ചിരിപ്പിക്കാനുള്ള ദൗത്യം സംവിധായകൻ ഏല്പിച്ചത്. എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തു. കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ബിജുമേനോന്‍റെ മിടുക്ക് പല ചിത്രങ്ങളിൽ കണ്ടിട്ടുള്ളതാണ്. ആദ്യരാത്രിയിലും ആ പതിവ് തെറ്റിയില്ല. മനോഹരൻ എന്ന തന്‍റെ കഥാപാത്രത്തെ അദ്ദേഹം അങ്ങേയറ്റം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയതും ബിജു മേനോനായിരുന്നു.

തണ്ണീർമത്തൻ ദിനങ്ങൾ, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അനശ്വര രാജനാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. കോളജ് കുമാരിയായ അശ്വതിയെ അനശ്വര തരക്കേടില്ലാത്ത വിധം ഭംഗിയാക്കി. ഒറ്റ സീനിൽ മാത്രമേ എത്തുന്നുള്ളൂവെങ്കിലും അനു സിതാരയും പ്രേക്ഷകഹൃദയം കവരുന്നുണ്ട്.



ശ്രീജിത് നായരുടെ ഛായാഗ്രഹണ മികവ് ആദ്യരാത്രിയുടെ കാഴ്ചയനുഭവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മുല്ലക്കരയുടെ ഗ്രാമീണകാഴ്ചകളും നിറപ്പകിട്ടോടെയെത്തുന്ന ബാഹുബലി മോഡൽ ഗാനരംഗങ്ങളും ചിത്രത്തിന് ദൃശ്യഭംഗി പകർന്നു. സന്ദർഭത്തിനനുസരിച്ച് കടന്നുവരുന്ന പാട്ടുകളും ആസ്വാദ്യമായി. ചിന്തയും ലോജിക്കും മാറ്റിവച്ച് അമിതപ്രതീക്ഷകളില്ലാതെ പോയാൽ രണ്ടുമണിക്കൂർ തരക്കേടില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ആദ്യരാത്രി.