ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡ്. പ്രേമത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേതയും ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജും നയന്‍താരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് റീലിസിനെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് മാറ്റി വയ്ക്കുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകുമെന്ന കമന്റുമായി അല്‍ഫോന്‍സിന്റെ ഫേസ്ബുക്ക് പേജിലെത്തുന്നത്. ഇപ്പോള്‍ സംവിധായകന് മേജര്‍ രവിയുടെ കമന്റാണ് വൈറലായിരിക്കുന്നത്.
അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ.'- മേജർ രവി കുറിച്ചു. അല്‍ഫോന്‍സ് പുത്രന് നേരത്തേ പങ്കുവച്ചിട്ടുള്ള ഗോൾഡിന്റെ പോസ്റ്ററിനു താഴെയാണ് മേജര്‍ രവി കമന്റു കുറിച്ചത്.
കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് തന്നെ മറുപടി നൽകിയിരുന്നു. കുറച്ചുകൂടി ജോലി തീരാനുണ്ട് ബ്രോ. കുറച്ച് സി ജി,കുറച്ച് മ്യൂസിക്,കുറച്ച് കളറിംഗ്..കുറച്ച് അറ്റ കുറ്റ പണികള്‍ ബാലന്‍സുണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാന്‍ തിയ്യതി പറയാം.
അത് വരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററില്‍ നിന്നും നിര്‍ദേശിച്ച തിയ്യതി. പക്ഷേ...അന്ന് ജോലി തീര്‍ന്നില്ല... വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്കായ ഞാന്‍ തീരുമാനിച്ചു. തിയ്യതി വൈകുന്നതില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. അല്‍ഫോൻസ് കുറിച്ചു.
റോഷൻ മാത്യു, ചെമ്പൻ വിനോദ്, ലാലു അലക്സ്, സൈജു കുറുപ്പ്, സുധീഷ്, അജ്മൽ അമീർ, ദീപ്തി സതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.
കട്ട വെയിറ്റിംഗാണ് ഡിയര്‍, ഒന്ന് ഉഷാറായിക്കേ; അല്‍ഫോന്‍സിനോട് മേജര്‍ രവി
11:35 AM Sep 17, 2022 | Deepika.com