കല്യാണദിവസം കൂട്ടുകാരികൾ പറ്റിച്ചു!

03:35 PM Sep 16, 2022 | Deepika.com

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചുവന്നിരിക്കുകയാണ് നടി ഭാവന . കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഭാവന മലയാളത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. ശേഷം കന്നഡയില്‍ സജീവമാവുകയായിരുന്നു. തന്‍റെ കല്യാണ ദിവസമുണ്ടായ ചില സംഭവങ്ങളും നടി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

ഒരു ടെലിവിഷൻ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടിമാരായ കൂട്ടുകാരികള്‍ കല്യാണദിവസം പറ്റിച്ച സംഭവത്തെക്കുറിച്ചു പറഞ്ഞത്. അന്നു വലിയ സങ്കടമായെന്നും താൻ പിണക്കം കാണിച്ചെന്നും അതു വാര്‍ത്തയായെന്നും ഭാവന പറയുന്നു. കല്യാണത്തിന് എന്‍ട്രി ഡാന്‍സ് നടത്താമെന്നു പറഞ്ഞു കൂട്ടുകാരികള്‍ പറ്റിച്ചതിനെക്കുറിച്ചാണ് ഭാവന പറഞ്ഞത്.

നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് കൂട്ടുകാരികൾ‍ വന്പൻ പ്ലാനിംഗ് ആയിരുന്നു. ശില്‍പ, ബാല, മൃദുല മുരളി, ഷഫ്ന, സൈനോര, രമ്യ ഇവരൊക്കെയാണ് അതിലുണ്ടായിരുന്നത്. ഞാന്‍ കല്യാണം കഴിഞ്ഞു വരുമ്പോഴെക്കും ഡാന്‍സ് കളിക്കണം എന്നൊക്കെ അവര്‍ പ്ലാന്‍ ചെയ്തിരുന്നു.

എനിക്കും സന്തോഷമുള്ള കാര്യമായതുകൊണ്ട് ഓക്കെ പറഞ്ഞു. ഞാന്‍ കാണാതിരിക്കാന്‍ വേണ്ടി ഞാനുള്ളപ്പോള്‍ അവര്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതൊക്കെ നിര്‍ത്തും. എന്നെ അറിയിക്കാതെ ഗ്രൂപ്പ് ഉണ്ടാക്കി. കളര്‍ കോഡ് സാരിയൊക്കെ എല്ലാവര്‍ക്കും ഉണ്ട്. ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് എത്തുമ്പോഴെക്കും നിങ്ങള്‍ വരണട്ടോ എന്നൊക്കെ ഞാന്‍ അവരോടുപറഞ്ഞിരുന്നു. ഓക്കെയാണെന്ന് അവരും പറഞ്ഞു.

ശേഷം കല്യാണമൊക്കെ കഴിഞ്ഞ് ഞാന്‍ ഓഡിറ്റോറിയത്തിലെത്തുമ്പോള്‍ എന്‍റെ സുഹൃത്തുക്കളായി അവിടെ ഒരാളുമില്ല. ബാക്കി ക്ഷണിച്ചിട്ടുള്ള അതിഥികളൊക്കെ അവിടെയുണ്ട്. എന്നെ പറ്റിക്കാന്‍ വേണ്ടി എവിടെയോ ഒളിച്ചിരിക്കുന്നതാവുമെന്ന് ആദ്യം കരുതി. പക്ഷേ സ്റ്റേജില്‍ കയറി, കല്യാണത്തിന്‍റെ ചടങ്ങുകളൊക്കെ നടത്തി. ആളുകള്‍ വന്ന് ഫോട്ടോ എടുക്കാനൊക്കെ തുടങ്ങിയിട്ടും ഇവരെ മാത്രം കാണുന്നില്ല. കുറേ കഴിഞ്ഞപ്പോഴുണ്ട് എല്ലാവരും കൂടി വരുന്നു.

എനിക്കാകെ സങ്കടവും ദേഷ്യവുമായി. അവരെന്നോട് സോറി പറയന്‍ വരികയാണ്. ഞാന്‍ പോയ്ക്കോ മിണ്ടണ്ടെന്ന് പറഞ്ഞു. അതു വലിയ വാര്‍ത്തയായി. ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ വാര്‍ത്ത വന്നു. അവരെല്ലാവരും സാരിയുടുത്ത് മുല്ലപ്പൂ വച്ചു വരാന്‍ ലേറ്റ് ആയതാണ്. ഒരാള്‍ റെഡിയാവാന്‍ തന്നെ സമയം എടുക്കും. അപ്പോള്‍ അത്രയും പേര് റെഡിയാവണ്ടേ, അതാണ് ലേറ്റ് ആയത്. പക്ഷേ, ഞങ്ങളെന്തോ വഴക്കിട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്- ഭാവന പറയുന്നു.