ഭർത്താവ് മതം മാറാൻ പറഞ്ഞിട്ടില്ല

03:30 PM Sep 16, 2022 | Deepika.com

മുസ്ലീമായാണ് താൻ ജനിച്ചതെന്നും ഇപ്പോഴും മതവിശ്വാസി തന്നെയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖുശ്ബു. അതേസമയം മുസ്ലീമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

മുസ്ലിമായാണ് ഞാൻ ജനിച്ചത്. നിറയെ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലത്താണ് ഞാൻ വളർന്നത്. എന്നാൽ പരന്പരാഗത മുസ്ലിം കുടുംബത്തിൽപ്പട്ടയാളായിരുന്നു ഞാൻ. അതേസമയം വിനായക ചതുർഥിയും ദീപാവലിയും ഞങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു.

ഗണേശ ഭഗവാനാണ് കൂടുതൽ അടുപ്പമുള്ള എന്‍റെ ഹിന്ദു ദേവൻ. ഞാൻ ഭഗവാനെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്ന് എന്‍റെ വീട്ടിൽ ധാരാളം ഗണേശ വിഗ്രഹങ്ങൾ ഉണ്ട്. എന്നാൽ ഞാൻ മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ല. മുസ്ലീം മതാഘോഷങ്ങളിലും ഞാൻ പങ്കെടുക്കാറുണ്ട്. ഉമ്മയും ഞാനും കാണുന്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസലാമു അലൈകും എന്ന് പറഞ്ഞാണ്. ഞങ്ങൾ ഒരിക്കലും മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ല. രണ്ടും സഹവർത്തിത്വത്തോടെ നിലനിൽക്കും.

എന്‍റെ കുട്ടികൾ പെരുന്നാളും ദീപാവലിയും ഒരേ വീര്യത്തോടെ ആണ് ആഘോഷിക്കുന്നത്. ഭർത്താവ് ഒരിക്കലും എന്നെ മതം മാറാൻ നിർബന്ധിച്ചിട്ടില്ല. സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവർ ഞങ്ങളുടെ കുടുംബത്തിൽ വേറെയുമുണ്ട്. ഈ പങ്കാളികളെ ഒന്നും മതം മാറാൻ ആരും നിർബന്ധിക്കാറില്ല.

എന്‍റെ രണ്ട് സഹോദരങ്ങൾ അമുസ്ലിങ്ങളെയാണ് വിവാഹം ചെയ്തത്. ഒരാൾ ഇന്തോനേഷ്യൻ ഹിന്ദുവിനെയും മറ്റൊരാൾ ക്രിസ്ത്യാനിയെയും ആണ്. ഭർത്താവ് റംസാനും പെരുന്നാളും ഒരുപോലെ ആഘോഷിക്കാറുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളുമായി ജീവിക്കുന്ന ധാരാളം പേർ രാജ്യത്തുണ്ട്. ചിലർ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

മുംബൈയിലെ വെർസോവയിൽ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാൻ എന്നായിരുന്നു ആദ്യത്തെ പേര്.