ജാക്വലിൻ അതെല്ലാം ‍അറിഞ്ഞിരുന്നോ!

02:04 PM Sep 02, 2022 | Deepika.com

ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് അത്ര നിഷ്കളങ്കയല്ലായെന്നു വേണംഇഡിയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ കേൾക്കുന്പോൾ തോന്നുക.

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിന്‍റെ മുൻകാല ചരിത്രം ജാക്വിലിന് അറിയാമായിരുന്നുവെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി പട്യാല അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീണ്‍ സിംഗ് പരിഗണിക്കുകയും സെപ്റ്റംബർ 26ന് കോടതിയിൽ ഹാജരാകാൻ ജാക്വിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട ജാക്വിലിന് ഡൽഹി കോടതി ബുധനാഴ്ച സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.

സുകേഷിന്‍റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുകൊണ്ടുതന്നെയാണ് ജാക്വിലിൻ വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും സുകേഷിൽനിന്ന് കൈപ്പറ്റിയതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇതെല്ലാം കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച വരുമാനമായിരുന്നു. സുകേഷിന്‍റെ ക്രിമിനൽ ചരിത്രം താരം അവഗണിക്കുകയായിരുന്നുവെന്നും അയാളുമായി സാന്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നത് ബോധപൂർവം തുടരുകയും ചെയ്തു.

സുകേഷ് വിവാഹിതനാണെന്നും ലീന മരിയ പോൾ ഭാര്യയാണെന്നും അറിഞ്ഞുകൊണ്ടു തന്നെ താരം സുകേഷുമായി ബന്ധം തുടർന്നു. സുകേഷിൽനിന്ന് ഏതാണ്ട് പത്തുകോടി രൂപയ്ക്കു മൂല്യമുള്ള ആഡംബര സമ്മാനങ്ങൾ ജാക്വലിൻ കൈപ്പറ്റിയിട്ടുണ്ടത്രേ. 2021 ഏപ്രിലിൽ ജാക്വലിൻ ഫെർണാണ്ടസിന്‍റെ മാതാപിതാക്കൾക്ക് സുകേഷ് രണ്ടു കാറുകൾ സമ്മാനിച്ചതായും ഇഡി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.