സിനിമയിലെത്താന്‍ കാരണം കടബാധ്യത

02:00 PM Sep 02, 2022 | Deepika.com

ഒരുപിടി നല്ല മലയാള സിനിമകളില്‍ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് ഇന്ദ്രജ. ചെന്നൈയില്‍ ഒരു തെലുങ്ക് കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കവെയാണ് മലയാളത്തിലും എത്തിയത്.

ഉസ്താദ്, ക്രോണിക് ബാച്ച്ലര്‍, മയിലാട്ടം, എഫ്ഐആര്‍ തുടങ്ങിയ കുറച്ചു സിനിമകളേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂയെങ്കിലും നടി ഇപ്പോഴും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.

ഇപ്പോള്‍ ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജ തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചതു വൈറലായിരിക്കുകയാണ്. അച്ഛന്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ജോലി ചെയ്യുകയായിരുന്നു. അതിന് മുമ്പ് കലാ രംഗത്ത് പ്രവര്‍ച്ചിച്ച അനുഭവങ്ങളുമുണ്ട്.

ചെറുപ്പത്തില്‍ ഒരു സിനിമയുടെ ഷൂട്ട് കാണാന്‍ പോയിരുന്നു. അവിടെ വെച്ച് ബാലതാരമായി അഭിനയിക്കാന്‍ അവസരം കിട്ടി. സ്കൂള്‍ വിദ്യാഭ്യാസ സമയത്താണ് സിനിമയില്‍ നായികയായി അഭിനയിച്ചത്. സാമ്പത്തിക സാഹചര്യങ്ങള്‍ കാരണമാണ് അന്ന് അഭിനയിക്കാന്‍ തീരുമാനിച്ചത്.

ആ സമയത്ത് എന്‍റെ കൂടെ സിനിമയിലെത്തിയ നിരവധി പേര്‍ക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ട സാഹചര്യമായിരുന്നു. അച്ഛന് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു.

പഠനം നിര്‍ത്തിയതില്‍ ആദ്യം അമ്മയ്ക്ക് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്തര്‍ മന്തര്‍ ആയിരുന്നു ആദ്യ സിനിമ. എന്നാല്‍ എന്‍റെ രണ്ട് മൂന്ന് സിനിമകള്‍ റിലീസായ ശേഷമാണ് ആദ്യം അഭിനയിച്ച ഈ സിനിമ റിലീസായത്. യമലീലയായിരുന്നു രണ്ടാമത്തെ സിനിമ.

തെലുങ്കിലെ ബ്ലോക്ബസ്റ്റര്‍ സിനിമയായിരുന്നു ഇത്. ഒരു വര്‍ഷത്തോളം ആ സിനിമ തിയറ്ററില്‍ ഓടി. ചെറിയ പ്രായത്തിലായതിനാല്‍ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ഗുണവും ദോഷവുമുണ്ട്. ഞാനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. ദോഷമെന്തെന്നാല്‍ നമുക്ക് ഒന്നും അറിയാത്തതിനാല്‍ നമ്മുടെ പ്രതിഫലം, അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമ എന്നിവയെ പറ്റിയൊന്നും ഒരു ബോധ്യം ഉണ്ടാവില്ല.

തെലുങ്കില്‍ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് തമിഴില്‍ നിന്നും അവസരങ്ങള്‍ വരുന്നത്. പക്ഷെ തെലുങ്കില്‍ തിരക്കായതിനാല്‍ കുറച്ചു സിനിമകള്‍ മാത്രമേ തമിഴില്‍ ചെയ്യാന്‍ പറ്റിയുള്ളൂ. തമിഴില്‍ കല്‍കി എന്ന സിനിമയില്‍ അഭിനയിക്കാന്‍ പറ്റാഞ്ഞതില്‍ എനിക്ക് വലിയ നഷ്ടബോധമുണ്ട്.

പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പര്‍ കഥാപാത്രമാണ്. നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് ഞാന്‍ ഊട്ടിയില്‍ ഷൂട്ടിംഗിലായിരുന്നു. എത്ര ദിവസം കഴിഞ്ഞ് വരാനാവുമെന്ന് ചോദിച്ചു. 12 ദിവസം കഴിയുമെന്ന് പറഞ്ഞു. തിരിച്ചെത്തിയിട്ട് വിളിക്കൂ നോക്കാം എന്ന് പ്രകാശ് രാജ് പറഞ്ഞു. പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും കാസ്റ്റിംഗ് മാറിയിരുന്നു.

ആ സിനിമ കണ്ടതിന് ശേഷം ഖേദം തോന്നാത്ത ദിവസങ്ങള്‍ ഇല്ല. രണ്ട് കണ്ടീഷനുകളാണ് സിനിമകളില്‍ ഞാന്‍ വെച്ചത്. ബിക്കിനി വസ്ത്രം ധരിക്കില്ല. ടൂ പീസ് വസ്ത്രങ്ങള്‍ ധരിക്കില്ല. തെലുങ്ക് സിനിമകളിലെ പാട്ടുകള്‍ ഗ്ലാമറായിരിക്കും. ചില ഗ്ലാമര്‍ വേഷങ്ങള്‍ താനും ചെയ്തിട്ടുണ്ട്- ഇന്ദ്രജ അഭിമുഖത്തില്‍ പറഞ്ഞു.