മികച്ച പ്രകടനത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ലുക്മാന്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം. ഓപ്പറേഷന് ജാവയില്‍ നിന്നും തല്ലുമാലയില്‍ എത്തി നില്ക്കുമ്പോള് ലുക്മാന് എന്ന നടന്റെ ഗ്രാഫ് ഉയര്‍ന്നതേ ഉള്ളൂ.
ഇപ്പോള്‍ സംവിധായകന് തരുണ്‍ മൂര്‍ത്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയേമാകുന്നത്. തരുണിന്റെ പുതിയ ചിത്രമായി സൗദി വെള്ളക്കയിലും ലുക്മാന് തന്നെയാണ് നായകന്. വീണ്ടും ലുക്മാനെ തന്നെ നായകനാക്കി മുന്നോട്ട് പോയപ്പോള്‍ പരാതിയുമായി എത്തിയവരുണ്ടെന്നും സംവിധായകന് പറയുന്നു. സമൂഹമാധ്യമത്തിലൂടെയാണ് തരുണ്‍ കുറിപ്പ് പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും ആവേശമുണ്ട്. ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല. നടനാകാൻ കൊതിക്കുന്ന, ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.
പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അവനേ നായകന്മാരിൽ ഒരാളാക്കാൻ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല.
അത് എന്തിനാണെന്നും അറിയില്ല. ഓപ്പറേഷൻ ജാവയിൽ വിനയ ദാസൻ ആയി കൂടെ കൂട്ടുമ്പോൾ ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്. ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്.
അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്. അവരോടൊക്കെ പറയാനുള്ളത് ഇതാണ്. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്.
അതിന്റെ ഓരോ പുരോഗതിയും കാണാൻ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങൾക്ക് കച്ചവടം മാത്രമല്ല..കലയും കൂടിയാണ്. ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നിൽജയും, ധന്യയും, സജീദ് പട്ടാളവും, വിൻസിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാംഅസാമാന്യ ജീവിതാനുഭവമുള്ളവരാണ്. ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്ക്രീനിൽ അവർ നിങ്ങളെ അത്ഭുതപെടുത്തുന്നത്.
ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാൻ നീ നടന്നു തീർത്ത വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം. പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്. നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിൽ.
ലുക്മാനെ വീണ്ടും നായകനാക്കിയപ്പോള്‍ പരാതി പറഞ്ഞവരുണ്ട്: തരുണ്‍ മൂര്‍ത്തി
11:33 AM Aug 20, 2022 | Deepika.com