എല്ലാവരുടെയും തീരുമാനങ്ങള്‍ എപ്പോളും ശരിയാകണമെന്നില്ലെന്നും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന സിനിമയുടെ കഥ വേണ്ടന്നുവച്ച ആളാണ് താനെന്നും കുഞ്ചാക്കോ ബോബന്. സംവിധായകന് രതീഷിനോട് താന്‍ ചോദിച്ചുവാങ്ങിയതാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രമെന്നും നടന് പറഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
""ഈ ചിത്രം തിയറ്റിറല്‍ വന്നു കാണുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെടുമോ എന്ന സംശയം ഞങ്ങള്‍ക്കില്ല. കാരണം ഒരുപാടുപേരുടെ അധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ് ഈ ചിത്രം. അതിനാല്‍ ഇതൊരു നല്ല സിനിമയാണെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഇതിന് പുറകില്‍ ഒരുപാട് ടാലന്റുകളുണ്ട്.
സംവിധായകന് രതീഷ് ബാലകൃഷ്ണന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. പ്രമേയം കൊണ്ട് അത് കാലങ്ങഘട്ടങ്ങള്ക്ക് മുന്‍പേ സഞ്ചരിച്ച സിനിമയാണ്. ആ പ്രമേയം ഏറ്റവും സാധാരണക്കാരന് ഇഷ്ടപ്പെടുന്ന രീതിയില്‍ തിയറ്ററില്‍ എത്തിച്ച സംവിധായകന് ആണ് അദ്ദേഹം.
അതേ സിനിമയുടെ പ്രൊഡ്യൂസര്‍ ആണ് സന്തോഷേട്ടന് (സന്തോഷ് ടി. കുരുവിള). ആ ടീം വീണ്ടുമൊരു സിനിമ തിയറ്ററില്‍ എത്തിക്കുമ്പോള്‍ അത് എത്രത്തോളം ആള്‍ക്കാരില്‍ എത്തും എന്ന് ഒരുറപ്പ് എനിക്കുണ്ടായിരുന്നു.
ആഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ എന്നോട് ആദ്യം വന്നു പറഞ്ഞപ്പോള്‍ പറ്റില്ല എന്നു പറഞ്ഞിരുന്നു. ആ സിനിമ തീയറ്ററില്‍ വന്‍ വിജയമായി. എല്ലാവരുടെയും തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല എന്നത് നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍. ഒരു പ്രാവശ്യമല്ല,കുറേ തവണ അങ്ങനെ പറ്റിയിട്ടുണ്ട്.
ടാലന്റ് ഉളളവരെ തിരിച്ചറിഞ്ഞാല്‍ വൈകിയാണെങ്കിലും ഞാന്‍ അവരെപോയി കാലുപിടിക്കും. രതീഷിനോട് അടുത്ത പടം നിങ്ങള്‍ എന്നെ വച്ച് ചെയ്യണം എന്ന് പറഞ്ഞു ചോദിച്ചു മേടിച്ച സിനിമയാണ് ഇത്.
ഇതിനു മുന്‍പ് ഞാന്‍ ചോദിച്ചു മേടിച്ച സിനിമ നായാട്ട് ആണ്. പ്രവീണ്‍ മൈക്കിളിന്റെ അടുത്ത്. എന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല സിനിമയായി അത് മാറി. ഇതും അങ്ങനെ തന്നെ ആകും എന്ന് എനിക്ക് വിശ്വാസമുണ്ട്.
മുന്‍പ് നിങ്ങള്‍ എന്നെ കണ്ടിട്ടുള്ള രൂപത്തിലും ഭാവത്തിലുമൊന്നുമല്ല ഇതിലെ രാജീവന് എന്ന കഥാപാത്രം. ടീസറുകളില്‍ നിങ്ങള്‍ എല്ലാം കണ്ടിട്ടുള്ളതാണ്. ആ രീതിയില്‍ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമയും കഥാപാത്രവുമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.
അതിന്റെ ചെറിയ സൂചന എന്ന് പറഞ്ഞാല്‍, നിറം അല്ലെങ്കില്‍ അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ ഒരു ചോക്ലേറ്റ് ബോയ് എന്ന ഇമേജ് ആയിരുന്നു എനിക്ക് കുറേ വര്‍ഷങ്ങളായി ചാര്‍ത്തി തന്നത്. അന്നുമുതല്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ ആയിരുന്നു എന്റെ ആരാധകര്‍.
പക്ഷേ ഈ സിനിമയിലേക്ക് വരുമ്പോള്‍ അത് മാറി. ആ പാട്ട് റിലീസ് ആയി കഴിഞ്ഞത് മുതല്‍ ഞാന്‍ പുറത്തിറങ്ങിയാല്‍ പ്രായഭേദമന്യേ പലരും പ്രത്യേകിച്ച് ചേട്ടന്മാര് ''അനിയാ എന്ത് സാധനം അടിച്ചിട്ടാ ഡാന്‍സ് ചെയ്തേ'' എന്ന് ചോദിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ അവര്‍ക്ക് പിറക്കാതെ പോയ ഒരു അനിയന് എന്ന രീതിയില്‍ കാണാന്‍ തുടങ്ങി.
ഒരു നടന് എന്ന രീതിയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു സന്തോഷം തരുന്ന കാര്യമാണ്. മുന്പോട്ടുള്ള യാത്രയില്‍ എനിക്ക് അതൊരുപാട് ഉന്മേഷവും ഊര്‍ജ്ജവും തരുന്നുണ്ട്. ഒരു പ്രത്യേക ഇമേജില്‍ തളയ്ക്കപ്പെടാതെ നല്ല നല്ല സിനിമകളില്‍ ഭാഗമാകാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ തുടര്‍ച്ചയായി നല്ല നല്ല സിനിമകള്‍ സംഭവിക്കുകയും കഥാപാത്രങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ആ സിനിമകളും കഥാപാത്രങ്ങളും എല്ലാത്തരം പ്രേക്ഷകരും സ്വീകരിക്കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അതിന്റെ ഒരു സന്തോഷവും ഉത്തരവാദിത്തവും എനിക്കുണ്ട് അത് പ്രേക്ഷകരിലേക്ക് എങ്ങനെയാണു തിരിച്ചു കൊടുക്കുന്നത് എന്ന് നോക്കുമ്പോള്‍ അത് നല്ല സിനിമകളിലൂടെയും ഇതിലും നല്ല കഥാപാത്രങ്ങളിലൂടെയും ആകണം എന്നാണ് ഞാന്‍ കരുതുന്നത്.
സിനിമ ആസ്വദിക്കാനുള്ള മാധ്യമമാണ് ആ രീതിയില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയും അതിലെ രാജീവ് എന്ന കഥാപാത്രവും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.''-ചാക്കോച്ചന് പറഞ്ഞു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഞാന്‍ വേണ്ടെന്ന് വച്ച സിനിമ; കുഞ്ചാക്കോ ബോബന്
11:16 AM Aug 09, 2022 | Deepika.com