ഒറ്റ ഡാന്‍സിലൂടെ മലയാളക്കര മുഴുവന്‍ ഹൃദയത്തിലേറ്റിയ കുഞ്ചാക്കോ ബോബന് ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാട്ടുഭാഷയുടെ തനിമകൊണ്ടും പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കോഴുമ്മല്‍ രാജീവന് എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന് ഈ ചിത്രത്തിലെത്തുന്നത്. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികായി എത്തുന്നത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകന് രതീഷ് ബാലകൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'.
എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് 'ന്നാ താന്‍ കേസ് കൊട്' നിര്‍മിക്കുന്നത്. രാകേഷ് ഹരിദാസ് ഛായഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളിലെത്തും.