നടന് പുനീത് രാജ്കുമാറിന്റെ സ്മരണാര്‍ഥം ആംബുലന്‍സ് സംഭാവന നല്കി നടന് പ്രകാശ് രാജ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്ന് പ്രകാശ് രാജ് ഫൗണ്ടേഷന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.അപ്പു എക്സ്പ്രസ് എന്ന പേരിലാണ് ആംബുലന്‍സ് പുറത്തിറങ്ങുക. പ്രകാശ് രാജ് തന്നെയാണ് ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
"അപ്പു എക്സ്പ്രസ്'- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം' പ്രകാശ് രാജ് കുറിച്ചു.
അപ്പു എന്ന് വിളിപേരുള്ള പുനീത് രാജ് കുമാർ ആരാധകരുടെ ഹൃദയത്തോട് ചേർന്നുനിന്ന നടനായിരുന്നു. സാധാരണക്കാരുടെ ഇടയിലും പുനീതിന് ആരാധകർ ഏറെയുണ്ടായിരുന്നു. 2021 ഒക്ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് അന്തരിച്ചത്.
പുനീതിന്റെ ഓര്‍മയില്‍ പാവപ്പെട്ടവർക്ക് ആംബുലന്‍സുമായി പ്രകാശ് രാജ്
12:15 PM Aug 07, 2022 | Deepika.com