ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോളമന്റെ തേനീച്ചകളിലെ പുതുമുഖ നായികയാണ് ദര്‍ശന സുദർശൻ. നടിയുടെ ജന്മദിനമായിരുന്നു ചൊവ്വാഴ്ച. റിയാലിറ്റി ഷോയിലൂടെ വിജയിയായ ദര്‍ശന ചിത്രത്തിനായി കാത്തിരിക്കേണ്ടി വന്നതിന്റെ കുറിപ്പാണ് സംവിധായകന് ലാല്‍ ജോസ് പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ചത്.
ഇന്ന് ഞങ്ങടെ സുജയുടെ സോറി ദര്‍ശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയില്‍ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെണ്‍കുട്ടി. പലവിധ കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം വൈകിയപ്പോള്‍ അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറി.
എന്നിട്ടും ക്ഷമയോടെ അവള് കാത്തു നിന്നു. സോളമന്റെ തേനീച്ചകള്‍ സംഭവിക്കാനായി. കാത്തിരിപ്പിനും കഷ്ടപ്പാടിനും തേന്‍ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാള്‍ വര്‍ഷവും ഇനിയങ്ങോട്ടുളള വര്‍ഷങ്ങളും. ജന്മദിനാശംസകള് പ്രിയപ്പെട്ട ദര്‍ശു. ലാല്‍ ജോസ് കുറിച്ചു.
ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് സോളമന്റെ തേനീച്ചകള്‍ ഒരുക്കിയിരിക്കുന്നത്. മറ്റൊരു സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാകുന്നു.
ലാല്‍ ജോസും സംഗീത സംവിധായകന് വിദ്യാസാഗറും 10 വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പി.ജി. പ്രഗീഷ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജ്മല്‍ സാബുവാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ഗാനരചന വയലാര്‍ ശരത്, വിനായക് ശശികുമാര്‍. ചിത്രം ഓഗസ്റ്റ് 18-ന് തിയറ്ററുകളിൽ എത്തും.
അഭിനന്ദനങ്ങള്‍ പരിഹാസങ്ങളായി മാറി, എന്നിട്ടും അവള് കാത്തിരുന്നു; ലാല്‍ ജോസ്
11:50 AM Aug 03, 2022 | Deepika.com