സിനിമ ആസ്വാദകര്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കാന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 6ഹവേഴ്സ് വരുന്നു. സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് തിയറ്ററില്‍ എത്തുക. ഭരതാണ് ചിത്രത്തില്‍ നായകൻ.
ഭരതിന്റെ അഭിനയജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും 6ഹവേഴ്സിലെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സുരേഷ് തൂത്തുക്കുടി കഥ എഴുതുന്ന ചിത്രത്തിന് അജേഷ് ചന്ദ്രന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു.
ആറ് മണിക്കൂറില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഘട്ടനത്തിനും ചിത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നാല് പേരും ആറ് മണിക്കൂറിനുള്ളില്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഭരതിനെ കൂടാതെ അനുമോഹന്‍, ആദില്‍ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമന്, രമേഷ് വലിയശാല, സൂരജ് മോഹന്‍, പ്രമീള്‍, വിവിയ ശാന്ത്, നീന കുറുപ്പ് ,സാനിയ ബാബു എന്നിവര്‍ അഭിനയിക്കുന്നു.
മനു മഞ്ചിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോന് പശ്ചാത്തല സംഗീതം ഒരുക്കുന്നു. സിനു സിദ്ധാര്‍ഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. എഡിറ്റിംഗ് വിപിന്‍ പ്രഭാഗര്‍.