നഞ്ചിയമ്മ ആ പുരസ്‌കാരത്തിന് അര്‍ഹ; അപര്‍ണ്ണ ബാലമുരളി

10:30 AM Jul 29, 2022 | Deepika.com

നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ അര്‍ഹയാണെന്ന് നടി അപര്‍ണ്ണ ബാലമുരളി. നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അപര്‍ണ്ണ ബാലമുരളിയുടെ പ്രതികരണം.

ആ ഗാനത്തിന് തീര്‍ത്തും അനുയോജ്യമാണ് നഞ്ചിയമ്മയുടെ ശബ്ദം. ആ പാട്ട് അത്ര വേഗം മറ്റാര്‍ക്കും പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ നഞ്ചിയമ്മ പുരസ്‌കാരത്തിന് അര്‍ഹയാണ് നടി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപര്‍ണ്ണ.

അത് അവരുടെ വിജയമായാണ് എനിക്ക് തോന്നുന്നത്. നഞ്ചിയമ്മ ഒരു ഗായിക അല്ലാത്തത് കൊണ്ട് ചിലപ്പോള്‍ ശ്രദ്ധിക്കാതിരിക്കാം. നഞ്ചിയമ്മയുടെ കഴിവ് തിരിച്ചറിഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ ആ പാട്ട് സിനിമയിലേക്ക് കൊണ്ടു വന്നു. ആ പാട്ട് ഭയങ്കര പെര്‍ഫെക്റ്റ് ആണ്. പാട്ടിന് വേണ്ടുന്ന ശബ്ദമാണ് നഞ്ചിയമ്മയുടേത്. അത് നമുക്ക് ആര്‍ക്കും അത്ര വേഗം പാടാന്‍ കഴിയുന്ന പാട്ടല്ല. നഞ്ചിയമ്മ അവാര്‍ഡ് അര്‍ഹിക്കുന്നു. അപര്‍ണ്ണ വ്യക്തമാക്കി.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിനാണ് നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ തൊട്ടുപുറകെ നഞ്ചിയമ്മ അവാര്‍ഡിന് അര്‍ഹയല്ലെന്ന വിമര്‍ശനവുമായി ലിനു ലാല്‍ എന്നൊരാള്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരുന്നു.

നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുരസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നുമായിരുന്നു ലിനുവിന്‍റെ വിമര്‍ശനം. എന്നാല്‍ ലിനുവിന്‍റെ വാദത്തെ എതിര്‍ത്ത് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.