അനുഷ്ക ഷെട്ടി മലയാളത്തിൽ

03:25 PM Jul 18, 2022 | Deepika.com

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയുടെ മലയാളി ആരാധകർ കാലങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യം സഫലമാകുന്നു. സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി.

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തില്‍ അനുഷ്ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായാണ് സുരേഷ് ഗോപി വേഷമിടുന്നത്.

സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്ക അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, മുകേഷ്, ജോജു, ജോണി ആന്‍റണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ ചിത്രീകരണം നടത്തുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലേഷ്യയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.

പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ഒരു മാസ് എന്‍റര്‍ടെയ്നറാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജോഷി ചിത്രം പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഇതിന് ശേഷം വിജയ് ആന്‍റണിയുടെ തമിളരശന്‍, നിഥിന്‍ രഞ്ജിപ്പണിക്കരുടെ ലേലം 2 എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍.