പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കടുവ ജൂലൈ ഏഴിന് തിയറ്ററിലെത്തും. ചിത്രത്തിന്റെ സെന്സറിംഗും പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുമെന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ബുക്കിംഗ് തുറക്കാന്‍ വൈകിയതിനും പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ക്ഷമ ചോദിക്കുന്നുവെന്നും ഇനി നാടന്‍ അടി കാണാമെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ജിനു വി എബ്രഹാമിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന കടുവയില്‍ വിവേക് ഒബ്റോയ് ആണ് വില്ലന്‍. കുറുവച്ചനായി പൃഥ്വിരാജെത്തുമ്പോള്‍ ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് ഒബ്റോയാണ് വരുന്നത്.
കനല് കണ്ണനും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന്, സിദ്ദിഖ്, വിജയരാഘവന്, സുദേവ് നായര്‍, സീമ, അര്ജുന് അശോകന്,കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്, ദിലീഷ് പോത്തന്, രാഹുല്‍ മാധവ്, ജനാര്ദനന്,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്. ജേക്സ് ബിജോയ് ആണ് സംഗീതം. കലാസംവിധാനം മോഹന്‍ദാസ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.
ഇനി നാടൻ തല്ല് കാണാം, കടുവ ഏഴിന് എത്തും; സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്
09:51 AM Jul 06, 2022 | Deepika.com