കൊച്ചി: പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം "കടുവ'യുടെ റിലീസ് ജൂലൈ ഏഴിലേക്കു മാറ്റിയതായി നിര്‍മാതാവ് ലിസ്റ്റണ്‍ സ്റ്റീഫന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ തികച്ചും ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനര്‍ ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. നൂറു ശതമാനവും ഒരു ഷാജി കൈലാസ് ചിത്രമാണിത്.
മാസ് ചിത്രങ്ങള്‍ കാണാൻ അന്യഭാഷാ ചിത്രങ്ങളെ ആശ്രയിക്കണം എന്ന രീതി മാറാന്‍ കടുവ ഒരു തുടക്കമാകുമെന്നും റിയലിസ്റ്റിക് ചിത്രങ്ങള്‍ ചെയ്യുന്നതോടൊപ്പം വര്‍ഷത്തിലൊരു മാസ് സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു.
പാലാ സ്വദേശി കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജോസഫ് ചാണ്ടിയെന്ന ശക്തനായ വില്ലന്‍ കഥാപാത്രമായെത്തുന്നത് വിവേക് ഒബ്റോയ് ആണ്. സിനിമയെ ഇത്രയധികം സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്ന പൃഥ്വിക്കൊപ്പം ജോലി ചെയ്യുന്നത് വലിയ ഒരു അനുഭവമാണെന്ന് വിവേക് ഒബ്റോയ് പറഞ്ഞു.
സംയുക്ത മേനോനാണ് നായിക. സായികുമാർ, സിദ്ദിഖ്, ജനാര്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, അർജുൻ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സീമ, പ്രിയങ്ക തുടങ്ങി വമ്പന്‍ താരനിരയുമായാണ് ചിത്രമെത്തുന്നത്.
"കടുവ' റിലീസ് മാറ്റി
07:31 PM Jun 29, 2022 | Deepika.com