"അമ്മ'യില്‍ അംഗത്വഫീസ് ഇരട്ടിയാക്കി; ഇനി ഈടാക്കുക രണ്ടുലക്ഷത്തി അയ്യായിരം രൂപ

12:16 PM Jun 27, 2022 | Deepika.com

അമ്മ സംഘടനയില്‍ അംഗമാകാനുള്ള പ്രവേശന ഫീസ് വര്‍ധിപ്പിച്ചു. 2,05,000യാണ് പുതുക്കിയ പ്രവേശന ഫീസ്. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു. ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ചത് വ്യക്തത വരുത്തിയത്.

അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന് പ്രത്യേക സംവിധാനം നിലവില്‍ വരുത്താനും തീരുമാനമെടുത്തു. ഇപ്പോള്‍ 120 അംഗങ്ങള്‍ക്ക് പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നല്‍കുന്നുണ്ട്.

സ്വകാര്യ ചാനലുകളുമായി ചേര്‍ന്ന് അമ്മ ഷോകള്‍ സംഘടിപ്പിക്കാനും നല്ല തിരക്കഥകള്‍ ലഭിക്കുകയാണെങ്കില്‍ സിനിമ നിര്‍മിക്കാനുള്ള പദ്ധതികളും അമ്മ ആവിഷ്കരിക്കുന്നുണ്ട്. വെബ് സീരിസ് തുടങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

'അമ്മ'യില്‍ ഇനി ആഭ്യന്തര പ്രശ്ന പരിഹാര സമിതി ഇല്ല. പകരം മുഴുവന്‍ സിനിമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിന് കീഴില്‍ പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.