പറഞ്ഞുവച്ചു, പക്ഷേ തലേന്ന് ഒഴിവാക്കി

03:39 PM Jun 14, 2022 | Deepika.com

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അദിതി രവി. മോഡലിംഗ് രംഗത്ത് നിന്നാണ് കരിയർ ആരംഭിച്ചത്. സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി.

സിനിമയിലെത്തുന്ന ഒട്ടുമിക്ക താരങ്ങൾക്കും തങ്ങളുടെ കരിയറിന്‍റെ തുടക്കത്തിൽ പലവിധ ബുദ്ധിമുട്ടുകളും നിറഞ്ഞതായിരിക്കും. അദിതിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. തന്‍റെ ആദ്യ ചിത്രം തിയറ്റർ ഹിറ്റ് ആയിരുന്നില്ലെന്നും ഹിറ്റുകൾ മാത്രം പ്രതീക്ഷിക്കുന്ന ഒരു താരമല്ല താനെന്നും അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ അദിതി പറഞ്ഞു.

"എനിക്ക് ഇഷ്ടം അപ്സ് ആന്‍ഡ് ഡൗണ്‍സ് ഉള്ള ജീവിതമാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ. എന്‍റെ ആദ്യത്തെ സിനിമ ഒരു തിയറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്.

ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്‍റേത്. ഇപ്പോഴും അപ്സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍. എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മള്‍ അത്ര സ്ട്രോംഗ് ആവില്ല'-അദിതി വ്യക്തമാക്കി.

സിനിമകൾ ചെയ്യുന്പോഴും പരസ്യചിത്രങ്ങളിൽ കരിയർ ആരംഭിച്ച താരം ഇപ്പോഴും സജീവമായി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. പരസ്യത്തിൽ അഭിനയിക്കുമ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായതിനെപ്പറ്റി താരം പറയുകയുണ്ടായി. പരസ്യ ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയ അനുഭവവും താരം പങ്കുവച്ചു.

"പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവച്ച് തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്. അദിതീ, മാറിപ്പോയി, വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്.

അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല.

കോവിഡും ലോക്ഡൗണും വന്നപ്പോള്‍ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങൾ പോലും റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. സിനിമയുടെ കാര്യം അത്രയേ ഉള്ളു. ഫീൽഡിൽ നിൽക്കുമ്പോൾ അതൊക്കെ മനസിലാക്കണം. അമിതമായി ഒന്നും പ്രതീക്ഷിക്കരുത്'- അദിതി അഭിമുഖത്തിൽ പറഞ്ഞു.