പ്രിയ കമല്‍ഹാസന് ഹൃദയത്തിൽ നിന്നുള്ള നന്ദി- കുറിപ്പുമായി ആൻോ ജോസഫ്

10:00 AM Jun 08, 2022 | Deepika.com

കമല്‍ ഹാസന്‍ മലയാളികളെക്കുറിച്ച് പറയുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സിനിമ തിയേറ്ററില്‍ എന്ന പോലെ ചൂളമടിക്കാന്‍ തോന്നുന്നുവെന്ന് നിര്‍മ്മാതാവ് ആന്‍റോ ജോസഫ്.
പുതിയ ചിത്രം വിക്രത്തിന് മലയാളികള്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ട് കമല്‍ഹാസന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ കണ്ടതിന് ശേഷം ആന്‍റോ ജോസഫ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ശ്രീ കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. 'ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്‌പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു'എന്ന അദ്ദേഹത്തിന്‍റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു.

യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമല്‍യുഗത്തിന്‍റെ പുന:രാരംഭമാണ് 'വിക്രം'. ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍ സാര്‍.ഹൃദയത്തില്‍ നിന്നുള്ള നന്ദി.

ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരേയ്ന്‍, കാളിദാസ് ജയറാം, ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍ സാറിനും 'വിക്രം' എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നു നില്‍ക്കുന്നത് കാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്‍ക്കുന്നതും തിരിച്ചറിയാം.

'കൈതി'യും 'മാസ്റ്ററും' 'മാനഗര'വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് 'വിക്ര'ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയല്‍പക്കത്തെ സംവിധായക പ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ് സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്‍ക്കും. കമല്‍ സാര്‍ പറയും പോലെ ആ അവസാന മൂന്നു മിനിറ്റില്‍ നിറഞ്ഞാടിയ സൂര്യ ഉയര്‍ത്തിയ ആരവങ്ങള്‍ ഒരു തുടര്‍ച്ചയ്ക്ക് വിരലുകള്‍കൊരുത്ത് കാത്തിരിക്കാന്‍ നമ്മെപ്രേരിപ്പിക്കുന്നു.

അടുത്തസിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകും' എന്ന കമല്‍സാറിന്റെ വാഗ്ദാനം നല്‍കുന്ന ആവേശം ചെറുതല്ല. ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ല സിനിമകളും വമ്പന്‍ഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ.കമല്‍സാറിനും 'വിക്രം' സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളറിയിക്കുന്നു.