വിട...പ്രിയപ്പെട്ട കെ.കെ.

10:24 AM Jun 01, 2022 | Deepika.com

ഓര്‍മ്മകള്‍ ബാക്കിയാക്കി ഒരുപിടി മനോഹരഗാനങ്ങള്‍ ഓര്‍ത്തിരിക്കുവാന്‍ നല്‍കി കെ.കെ.വിട പറഞ്ഞിരിക്കുന്നു. പ്രണയവും വിരഹവും സന്തോഷവും ആ ശബ്ദത്തിലൂടെ നമ്മള്‍ കേട്ടു. ആ ശബ്ദത്തെ നെഞ്ചിലേറ്റി. ആസ്വാദിച്ചു. അതിര്‍വരമ്പുകളില്ലാതെ ആ ഗാനങ്ങള്‍ ഏറ്റുപാടി.

ഒരിക്കലെങ്കിലും അദേഹത്തിന്‍റെ ശബ്ദമാധുരിയില്‍ പിറന്ന ഗാനങ്ങള്‍ നമ്മള്‍ മൂളിയിട്ടുണ്ടാകും. ഇന്ന് ആ പാട്ടുകളുടെ ശബ്ദം നമുക്ക് നഷ്ടമായിരിക്കുന്നു. മരണമില്ലാത്ത ഓര്‍മകളായി കെ.കെ എന്ന അതുല്യ ഗായകന്‍റെ പാട്ടുകള്‍ കലാലോകം ഹൃദയത്തിലേറ്റും. വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളായി അദേഹം ആസ്വാദക മനസുകളില്‍ ജീവിക്കും.

തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശിയായ സി.എസ്.മേനോന്‍റെയും പൂങ്കുന്നം സ്വദേശിയായ കുന്നത്ത് കനകവല്ലിയുടെയും മകനായി 1968-ല്‍ ഡല്‍ഹിയില്‍ ജനിച്ചു. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും അദേഹം മലയാളം നന്നായി സംസാരിച്ചിരുന്നു. ഡല്‍ഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാല്‍ കോളേജില്‍ നിന്ന് ബിരുദം നേടി.

1991-ലായിരുന്നു വിവാഹം. ബാല്യകാല സുഹൃത്തായ ജ്യോതിയെ വിവാഹം ചെയ്തു. നകുല്‍ കൃഷ്ണ കുന്നത്തും താമര കുന്നത്തുമാണ് മക്കള്‍. കെ.കെ.യുടെ ഹംസഫര്‍ ആല്‍ബത്തിലെ 'മസ്തി' എന്ന ഗാനം പാടിയിരിക്കുന്നത് മകന്‍ നകുലാണ്.

3500ല്‍ അധികം പരസ്യ ചിത്രഗാനങ്ങള്‍ക്ക് വേണ്ടി അദേഹം പാടി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്. മാച്ചിസ് എന്ന ഗുല്‍സാര്‍ ചിത്രത്തിലെ 'ഛോടായേ ഹം വോ ഗലിയാം' എന്ന ഗാനത്തിലൂടെ അദേഹത്തിന്‍റെ സ്വരമാധുര്യം ലോകം തിരിച്ചറിഞ്ഞു.

പല്‍ എന്ന ആദ്യ സംഗീത ആല്‍ബത്തിലൂടെ അദേഹം പ്രശസ്തനായി. ബോളിവുഡിലെ പ്രശസ്ത ചിത്രങ്ങളായ ദേവദാസിലെ ഡോലാ രെ ഡോലാ, ഓം ശാന്തി ഓംമിലെ ആഗോ മേ തേരി, ബച്ച്ന ഏ ഹസീനയിലെ ഖുദാ ജാനാ, ഹാപ്പി ന്യൂ ഇയറിലെ ഇന്ത്യ വാലേ, തുടങ്ങിയവ ആസ്വാദകരുടെ ഹൃദയത്തിലിടം നേടിയ ഗാനങ്ങളാണ്.

എ.ആര്‍ റഹ്മാന്‍റെ ഹിറ്റ് ഗാനമായ 'കല്ലൂരി സാലേ', കാതല്‍ ദേശത്തിലെ 'ഹലോ ഡോ' 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവിവിലെ സ്ട്രോബെറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും തമിഴ് പിന്നണി ഗാനരംഗത്ത് അദേഹത്തെ ശ്രദ്ധേയനാക്കി.



മലയാളിയായ കെ.കെ പക്ഷെ ഒരേയൊരു ഗാനമാണ് മലയാളത്തില്‍ പാടിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനത്തിലൂടെ ദീപക് ദേവാണ് അദേഹത്തെ മലയാള സിനിമയില്‍ പരിചയപെടുത്തിയത്.

അഞ്ച് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ ഇതിനോടകം കെ.കെ. സ്വന്തമാക്കി. വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങളും സമ്മാനിച്ചാണ് കെ.കെ മടങ്ങുന്നത്. പ്രിയപ്പെട്ട കെ.കെ. ആ ശബ്ദമാധുര്യത്തിന്‍റെ നിറമുള്ള ഓര്‍മകളുമായി നിങ്ങള്‍ ഇനിയും ജീവിക്കും. വിട.