ഇന്ദ്രൻസിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകാത്ത സംഭവത്തിൽ ന്യായീകരണ തൊഴിലാളികൾ കുറച്ച് നന്നായി വിയർക്കുമെന്ന് സംവിധായകൻ ഒമർ ലുലു. ന്യായീകരണ തൊഴിലാളികൾ കുറച്ച് നന്നായി വിയർക്കും ഹൃദയത്തിൽ നിന്നുള്ള ഈ ചിരിയെ തോൽപിക്കാൻ- ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ കാഴ്ചപ്പാടിൽ മികച്ച നടൻ ഇന്ദ്രൻസ് ആണെന്ന് നേരത്തെ കുറിച്ചിരുന്നു.
2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജുമാണ് പങ്കിട്ടത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെയാണ് തിരഞ്ഞെടുത്തത്. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ചയാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. പിന്നാലെ വിമർശനങ്ങളും ഉയർന്നു. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് നടന്നത്. ഇതിന്റെ ഭാഗമായി ഇന്ദ്രൻസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധിപ്പേര്‍ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ മലയാള സിനിമാ മേഖലയിലെ പുതിയ വിവാദങ്ങൾക്ക് ഹോം വഴിതുറക്കുകയായിരുന്നു.
ന്യായികരണ തൊഴിലാളികൾ നന്നായി വിയർക്കും, ഈ ചിരിയെ തോൽപിക്കാൻ
09:35 PM May 28, 2022 | Deepika.com