കങ്കണ റണൗത്ത് നായികയായ എത്തിയ ബോളിവുഡ് ചിത്രം ധാക്കഡ് വൻ പരാജയം. ആക്ഷന്‍ സ്പൈ ത്രില്ലറിന്റെ ബജറ്റ് 100 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏജന്റ് അഗ്നി എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ചിത്രം.
ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് ചിത്രത്തിന് 2 കോടി പോലും നേടാനായില്ല. ഭൂല്‍ ഭുലയ്യ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍ കങ്കണ ചിത്രത്തിന് ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന തരത്തിലാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഏപ്രില്‍ മാസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ തീരുമാനം. എന്നാല്‍ കോവിഡിനു ശേഷം തിയറ്ററുകള്‍ സജീവമായ സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളുടെ സാന്നിധ്യം പരിഗണിച്ച് റിലീസ് നീട്ടുകയായിരുന്നു. പ്രതിനായക കഥാപാത്രമായി അര്ജുന് രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം സാറ്റലൈറ്റ്, ഡിജിറ്റല്‍ വില്‍പ്പന വഴി നിര്‍മ്മാതാക്കള്‍ക്ക് ഒരു പരിധി വരെ നഷ്ടം നികത്താമെന്നും വിലയിരുത്തലുണ്ട്. പക്ഷേ ആദ്യമെത്തിയ ചില മികച്ച ഓഫറുകള്‍ കൂടുതല്‍ മികച്ചത് വരുമെന്ന പ്രതീക്ഷയില്‍ നിര്‍മ്മാതാക്കള്‍ നിരസിച്ചിരുന്നു. ആ വഴിക്ക് ലഭിക്കുമായിരുന്നു ഭേദപ്പെട്ട വരുമാനത്തെ ഇതും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. റസ്നീഷ് റാസി ഘായ് ആണ് ചിത്രത്തിന്റെ സംവിധാനം. ദീപക് മുകുത്, സൊഹേല്‍ മക്ലായ്, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കങ്കണയുടെ സമയം! ധാക്കഡ് വൻ പരാജയത്തിലേക്ക്
05:47 PM May 25, 2022 | Deepika.com