നടിയും മോഡലുമായ ഷഹനയ്ക്കൊപ്പമെടുത്ത അവസാന ചിത്രം പങ്കുവച്ച് മുന്ന. ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 'നമ്മൾ ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ല.
ഷൂട്ടിങ്ങിന്റെ അവസാന ദിവസമെടുത്ത ചിത്രം. വാഗ്ദാനമായിരുന്ന നടി. സത്യം പുറത്തുവരിക തന്നെ വേണം. നീ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' എന്നാണ് മുന്ന കുറിച്ചത്.
ഷഹനയെ കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നര വർഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ചെറുവത്തൂരിൽനിന്നു പറന്പിൽ ബസാറിലെത്തി വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പണത്തിനായി മകളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഷഹനയുടെ അമ്മ രംഗത്തുവന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഷഹനയെ ഭർത്താവ് പീഡിപ്പിച്ചിരുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതു കൊലപാതകം തന്നെയാണെന്നും അമ്മ പറഞ്ഞു.
മോഡലും യു ട്യൂബറുമായിരുന്ന റിഫ മെഹ്നാസിന്റെ ദുരൂഹ മരണവും പോസ്റ്റ്മോർട്ടവും ഭർത്താവിനായുള്ള തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു ആരോപണം കൂടി ഉയരുന്നത്.
"വാഗ്ദാനമായിരുന്ന നടി,സത്യം പുറത്തുവരിക തന്നെ വേണം'
06:23 PM May 13, 2022 | Deepika.com