ചിൽഡ്രൻ ഓഫ് ഹെവൻ’ തമിഴിൽ; അക്കാ കുരുവി റിലീസ് ആറിന്

04:22 PM May 04, 2022 | Deepika.com

ഇറേനിയൻ സംവിധായകൻ മജീദ് മജീദിയുടെ ഓസ്കർ നോമിനേഷൻ ലഭിച്ച പ്രശസ്തചിത്രം "ചിൽഡ്രൻ ഓഫ് ഹെവൻ’ തമിഴിൽ "അക്കാ കുരുവി’ എന്ന പേരിൽ പുനരാവിഷ്ക്കാരം ചെയ്തു റീലീസിനൊരുങ്ങുന്നു.

സംവിധായകൻ സാമിയാണ് ചിത്രം തമിഴിൽ ഒരുക്കുന്നത്. ഉയിർ, മൃഗം, സിന്ധു സമവെളി, കങ്കാരു തുടങ്ങിയ സാമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചർച്ചയായതാണ്.

അക്കാ കുരുവിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മാഹിനും ഏഴു വയസുകാരി ഡാവിയായും മലയാളികളാണ്. ഇരുന്നൂറോളം പേരെ ഓഡിഷൻ നടത്തിയതിൽ നിന്നുമാണ് ഇരുവരെയും തെരഞ്ഞെടുത്തത്.

ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസിക്കൽ നർത്തകി താരാ ജഗദാംബയും സെന്തിൽ കുമാറും അഭിനയിക്കുന്നു. കൂടാതെ യുവ നായകൻ, "പരിയേറും പെരുമാൾ’ ഫെയിം കതിർ, തെന്നിന്ത്യൻ നായിക താരം വർഷാ ബൊല്ലമ്മ എന്നിവർ അതിഥി വേഷത്തിൽ എത്തുന്നു.

രണ്ട് ഷൂസിനെ പ്രമേയമാക്കിയുള്ള "ചിൽഡ്രൻ ഓഫ് ഹെവൻ’ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ സിനിമയായിരുന്നു. അതു കൊണ്ടുതന്നെ ഇതിനെ തമിഴിൽ പുനരാവിഷ്ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു.

ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കാൻ ഇളയരാജയെ സമീപിച്ചപ്പോൾ, ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം എന്നായിരുന്നുവത്രെ ഇളയരാജയുടെ മറുപടി. കാരണം അദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് "ചിൽഡ്രൻ ഓഫ് ഹെവൻ’. അതിനോട് എത്രമാത്രം സാമിക്ക് നീതി പുലർത്താൻ കഴിയുമെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.

എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോൾ പൂർണ തൃപ്തനായ രാജ മൂന്ന് പാട്ടുകൾ ചെയ്തു കൊടുത്തു.

മധുരൈ മുത്തു മൂവീസും കനവ് തൊഴിൽശാലയും നിർമ്മിക്കുന്ന അക്കാ കുരുവി വെള്ളിയാഴ്ച തമിഴ്നാട്ടിലും മേയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.