കെജിഎഫ് 2 ലെ യഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. യഷിന്റെ പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അർജുൻ സഞ്ജയ് ദത്തിന്റെ വില്ലൻ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്.
മികവാർന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവൻ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.
'പ്രശാന്ത് നീൽ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെജിഎഫ് ചാപ്റ്റർ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യൻ സിനിമയുടെ പതാക വാനോളം നിലനിർത്തിയതിനും എല്ലാവർക്കും നന്ദി.' ട്വീറ്റിന് താഴെ അല്ലു അർജുൻ കുറിച്ചു.
കെജിഎഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ്.
കെജിഎഫ് ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്.
"പ്രശാന്ത് നീൽ ഒരുക്കിയ ഒരു ഗംഭീര ഷോ'; കെജിഎഫിന് അഭിനന്ദനവുമായി അല്ലു അർജുൻ
04:56 AM Apr 24, 2022 | Deepika.com