ആർആർആർ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിനു പിന്നിൽ..... വിശദീകരിച്ച് ആലിയ

04:05 PM Apr 04, 2022 | Deepika.com

തെലുങ്കിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങളും എസ്എസ് രാജമൗലി എന്ന സൂപ്പര്‍ഹിറ്റ് സംവിധായകനും ഒരുമിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ രാം ചരണും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച സിനിമയിലെ നായിക ആലിയ ഭട്ടാണ്.

സിനിമ ബോക്സ്ഓഫീസില്‍ വലിയ വിജയം കൊയ്യുമ്പോൾ സിനിമയ്ക്ക് പുറത്ത് ആര്‍ആര്‍ആറിനെ തേടി വിവാദം എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് ചിത്രത്തില്‍ തൃപ്തയല്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്‍റെ സ്ക്രീന്‍ ടൈം വെട്ടിക്കുറച്ചതില്‍ ആലിയയ്ക്ക് ദേഷ്യമുണ്ടെന്നും ഇതോടെ താരം ചിത്രവുമായി ബന്ധപ്പെട്ട തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംവിധായകന്‍ രാജമൗലിയെ ആലിയ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം. ‘ ഇന്ന് ഞാന്‍ കേട്ടു ഞാന്‍ എന്‍റെ ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തുവെന്ന്. ഞാന്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ അസ്വസ്ഥയാണെന്നാണ് പറയുന്നത്. ഇന്‍സ്റ്റഗ്രാം ഗ്രിഡിനെ അടിസ്ഥാനമാക്കി ഇത്തരം ഊഹാപോഹങ്ങള്‍ നടത്തരുതെന്ന് ഞാന്‍ ആത്മാര്‍ഥമായും എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്.

എന്‍റെ പ്രൊഫൈനില്‍ നിന്നു പഴയ വീഡിയോകള്‍ ഞാന്‍ എപ്പോഴും നീക്കം ചെയ്യാറുണ്ട്. തിങ്ങി നിറഞ്ഞതായി തോന്നാതിരിക്കാനാണ്. ആര്‍ആര്‍ആറിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്.

സീതയെ അവതരിപ്പിച്ചത് എനിക്ക് ഇഷ്ടമായിരുന്നു. രാജമൗലിയുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. ജൂനിയർ എൻടിആറിനും ചരണിനുമൊപ്പം പ്രവര്‍ത്തിച്ചതും ഇഷ്ടമായി. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എനിക്ക് ഇഷ്ടമാണ്. ഞാന്‍ ഇപ്പോഴിത് വിശദമാക്കാന്‍ തീരുമാനിക്കാന്‍ കാരണം രാജമൗലി സാറും ടീമും വര്‍ഷങ്ങളോളം തങ്ങളുടെ അധ്വാനവും ഊര്‍ജവും നല്‍കിയാണ് ഈ സിനിമയൊരുക്കിയത്. എന്‍റെ ഭാഗത്തു നിന്നുമുള്ള തെറ്റായൊരു വിവരവും അതിനെ ബാധിക്കരുത് ’- ആലിയ വ്യക്തമാക്കുന്നു.

ആലിയ ഭട്ടിന്‍റെ ആദ്യ തെലുങ്ക് സിനിമയെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു താരത്തിന്‍റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആലിയയുടെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആലിയയുടെ കഥാപാത്രത്തിന് കഥയില്‍ വേണ്ടത്ര പ്രാധാന്യമോ സ്ക്രീന്‍ സ്പേസോ നല്‍കിയില്ലെന്ന വിമര്‍ശനം ചിത്രത്തിനെതിരേ ഉയര്‍ന്നിരുന്നു.