പരുന്ത് പ്രധാനവേഷത്തിലെത്തുന്ന പത്മവ്യൂഹത്തിലൂടെ എന്ന ചിത്രത്തിന്റെ പൂജയും റിക്കാർഡിംഗും എറണാകുളം റിയാൻ സ്റ്റുഡിയോയിൽ നടന്നു.
പ്രമുഖ കാഥികൻ വി. സാംബശിവനെ നായകനാക്കി പല്ലാം കുഴി എന്ന ചിത്രം സംവിധാനം ചെയ്ത എം.എൻ. ശ്രീധരനാണ് പത്മവ്യൂഹത്തിന് കഥയെഴുതി സംവിധാനം നിർവഹിക്കുന്നത്. തിരക്കഥയും സംഭാഷണവുമെഴുതിയത് ശിവപ്രസാദ് ഇരവിമംഗലം.
ആന്ധ്രയിലെ നെല്ലൂർ ഗ്രാമത്തിൽ പ്രചരിക്കുന്ന അത്യപൂർവമായ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. അഗ്നിയിൽ ദഹിച്ച് കൃഷ്ണ പരുന്തായി പുനർജനിച്ച് തന്റെ പ്രണയിനിയുടെ സംരക്ഷകനായി മാറേണ്ടി വന്ന മുൻജന്മ കാമുകന്റെ കഥ അവതരിപ്പിക്കുകയാണ് പത്മവ്യൂഹത്തിലൂടെ എന്ന ചിത്രം.
വയലാർ ശരത്ചന്ദ്രവർമ, ശിവപ്രസാദ് ഇരവിമംഗലം, ജയൻ തൊടുപുഴ എന്നിവരുടെ വരികൾക്ക് സ്റ്റിൽജു അർജുൻ സംഗീതംപകരുന്നു. അദിദേവ് കൃഷ്ണാ പ്രൊഡക്ഷൻസിനു വേണ്ടി ഡോ.സജിത്ത് കൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ മുതലമടയിൽ ആരംഭിക്കും.
നായകനായി പരുന്ത്! വ്യത്യസ്തമായ കഥയുമായി പത്മവ്യൂഹത്തിലൂടെ
02:50 PM Feb 23, 2022 | Deepika.com