മലയാള സിനിമാ വാണിജ്യരംഗത്ത് എസ്എസ് ഫ്രെയിംസ് എന്ന പേരിൽ പുതിയൊരു ഒടിടി പ്ലാറ്റ്ഫോം കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് ആണ് ഈ സംരംഭത്തിന് തുടക്കം ഇടുന്നത്.
ദേശീയ, അന്തർദേശിയ തലത്തിൽ നിരവധി നിരൂപക പ്രശംസനേടുകയും 2020ൽ കാൻസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ‘കാന്തി’, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ‘ഒരിലത്തണലിൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അശോക്. ആർ. നാഥ് സംവിധാനം ചെയ്ത ‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിലൂടെയാണ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്.
ഇതിനോടകം വിവാദങ്ങളിലൂടെ വാർത്താ മാധ്യമങ്ങളിലിടം നേടിയ ഹോളി വൂണ്ട് സ്വവർഗരതി ആസ്പദം ആക്കിയുള്ള പ്രമേയമാണ് ചർച്ച ചെയ്യുന്നത്. മാർച്ച് പകുതിയോടെയാണ് റിലീസ്.
അന്തർദേശീയ നിലവാരമുള്ള എല്ലാവിധ നവീന സാങ്കേതികവിദ്യകളും ഉൾക്കൊണ്ടുള്ള മികച്ച യൂസർ ഇന്റർഫേസ്, മികവാർന്ന കാഴ്ചാഅനുഭവം ഉറപ്പുവരുത്തുന്നു. ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തർദേശീയ സിനിമകളും പ്രേക്ഷകർക്കു ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമാണ് എസ്എസ് ഫ്രെയിംസ്. സിനിമകൾക്ക് ഉയർന്ന സുരക്ഷയും തടസമില്ലാത്ത സ്ട്രീമിംഗും ഉറപ്പ് വരുത്തുന്നു.
ഈ സംരംഭത്തിന്റെ ആദ്യഘട്ടമെന്നോണം വെബ് ബ്രൗസറുകളിലൂടെ നേരിട്ടുതന്നെ വെബ്സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് സിനിമകൾ കാണുന്ന രീതിയിൽ ഏതുതരം ഡിവൈസുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലളിതമായും സുതാര്യമായും ലഭ്യമാകുന്ന രീതിയിൽ ആയിരിക്കും പ്ലാറ്റ്ഫോമിന്റെ സേവനം ആരംഭിക്കുക.
എസ്എസ് ഫ്രെയിംസ്: മലയാളത്തിലൊരു പുതിയ ഒടിടി പ്ലാറ്റ്ഫോം കൂടി
04:01 PM Feb 10, 2022 | Deepika.com