സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കള്ളൻ ഡിസൂസ’യുടെ റിലീസ് മാറ്റി. 21നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിയത്. കള്ളൻ ഡിസൂസയും പ്രണവ് നായകനാകുന്ന ഹൃദയവുമാണ് 21 റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇതിൽ ഹൃദയം 21ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
"കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോ വിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു."
‘കള്ളൻ ഡിസൂസ’ 21ന് എത്തില്ല; റിലീസ് മാറ്റിയെന്ന് അണിയറപ്രവർത്തകർ
11:02 PM Jan 20, 2022 | Deepika.com