വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ നാരായണിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തിനൊരുങ്ങി. പ്രസന്നന് പാപ്പിനിശേരി സംവിധാനം ചെയ്യുന്ന ബഷീറിന്റെ നാരായണിയെ തേടി എന്ന ഡോക്യുമെന്ററി ബഷീറിന്റെ ജന്മദിനമായ 21 ന് രാവിലെ 11ന് പാപ്പിനിശേരി പഞ്ചായത്തിനു സമീപം ചേരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രകാശനം ചെയ്യും. രാഷ്്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രകാശനത്തിനു ശേഷം ഡോക്യുമെന്ററി യൂട്യൂബില്‍ ലഭ്യമാകും.
ബഷീറിന്റെ മതിലുകള്‍ വായിച്ച ഓരോ മലയാളിയുടെയും മധുരനൊമ്പരമാണ് നാരായണി. ആരാണ് ഈ നാരായണി? അവര്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നുവോ, അതോ ബഷീറിന്റെ ഭാവനാ സൃഷ്ടി മാത്രമോ ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരംതേടുകയാണ് ഡോക്യുമെന്ററിയിലൂടെ സംവിധായകന് പ്രസന്നന് പാപ്പിനിശേരി.
ബഷീറിന്റെ സുഹൃത്തുക്കളിലൂടെ, കുടുംബാംഗങ്ങളിലൂടെ, ജയില്‍ രേഖകളിലൂടെ ഒക്കെയുള്ള യാത്രയില്‍ നാരായണിയുടെ യഥാര്‍ഥ ചിത്രം അനാവരണം ചെയ്യുകയാണ് പ്രസന്നന് പാപ്പിനിശേരി.
ബഷീറിന്റെ നാരായണിയെ തേടി
03:53 PM Jan 20, 2022 | Deepika.com