തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് വീഡിയോ പങ്കുവച്ച് മിനിസ്ക്രീൻ താരം മനോജ് കുമാർ. ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചിരിക്കുന്നത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു.
തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ആരാധകരുമായി പങ്കുവച്ചത്. സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോജ് വീഡിയോയിൽ പറയുന്നു.
മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവര്‍ക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാന്‍ മാസ്ക് ഇട്ട് സംസാരിക്കാം. നവംബർ 28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി.
നമ്മളറിയാതെ ഉള്ളില്‍ ചിക്കന്‍പോക്സ്, കോള്‍ഡ്, ചെവിയിലെ പ്രശ്നം അങ്ങനെ എന്തെങ്കിലും വന്ന് പോയാല്‍, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ വരാം. കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം.
ഭയങ്കര ടെന്‍ഷനായിരുന്നു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി.
ഇതൊരു ചെറിയ പ്രശ്നമാണ്. ആര്‍ക്കും വരാവുന്നതാണ്. മാസ്ക് ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപെട്ടു. മാസ്ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്. ഇത് ആര്‍ക്കും വരാതിരിക്കട്ടെ, വന്നാലും ഭയപ്പെടേണ്ട. മരുന്നെടുത്താല്‍ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെന്‍ഷന്‍ അടിച്ച് മറ്റ് പ്രശ്നങ്ങള്‍ വരാതിരുന്നാല്‍ മതി- മനോജ് പറഞ്ഞു.
"മുഖത്തിന്റെ ഇടുതുഭാഗം കോടിപ്പോയി; മാസ്ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്'
07:18 PM Dec 13, 2021 | Deepika.com