സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന്റെ പതിനാലാമത്തെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തിരുവിതാംകൂറിലെ ചന്ദ്രക്കാരൻ ആയിരുന്ന രാമൻ തമ്പിയുടെ വേഷത്തിലെത്തുന്ന അലൻസിയറാണ് പോസ്റ്ററിൽ.
ഇന്നത്തെ വില്ലേജോഫീസറെ ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്. കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധഃസ്ഥിതർ അയിത്തം പാലിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കാനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ.
ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു.
ചരിത്രകഥ പറഞ്ഞ് ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്.
അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലി പാലാ, ശരണ്‍, മണികണ്ഠന് ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, ട്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീതം പകരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാണ് പൂർത്തിയായത്.
ചന്ദ്രക്കാരൻ രാമൻ തമ്പിയായി അലൻസിയർ; "പത്തൊമ്പതാംനൂറ്റാണ്ടിന്റെ പുതിയ പോസ്റ്റർ
03:23 PM Nov 22, 2021 | Deepika.com