കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ എസിആർ ലാബിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധമുയർന്നു. ബിജെപി ജില്ലാ സെക്രട്ടറി എ.വേലായുധനാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. നഗരസഭ ചെയർമാൻ, കൗൺസിലർ, ഇടത് ഘടകകക്ഷി പ്രതിനിധികൾ എന്നിവർ ക്ഷണക്കത്തിൽ സ്ഥാനം പിടിച്ചപ്പോൾ കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പുറത്തായി. പലരും ഉദ്ഘാടനദിവസമായ ഇന്നലെ രാവിലെയാണ് വിവരമറിയുന്നത്. ലാബ് സ്ഥാപിച്ച കെഎച്ച്ആർഡബ്ല്യുഎസ് ആണ് പരിപാടി തയാറാക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ജില്ലാ ആശുപത്രിയുടെ ഭരണച്ചുമതലയുള്ള ജില്ലാ പഞ്ചായത്ത് അധികൃതർ സംഭവത്തിൽ നിസഹായത പ്രകടിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിൽനിന്ന് യുഡിഎഫ് പ്രതിനിധിയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ തന്നെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പൻ പറഞ്ഞു. ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് എച്ച്എംസിയിൽനിന്ന് രാജിവച്ചതായി കേരള കോൺഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കരയും അറിയിച്ചു.