മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന "സിഗ്നേച്ചർ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് സിഎംഐ വൈദികനായ ഫാ. ബാബു തട്ടിൽ ആണ്.
അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ "ഷിബു", "ബനാർഘട്ട" എന്നീ സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ നായകനാവുന്നു. ശിക്കാരി ശംഭു ഫെയിം ആൽഫി പഞ്ഞിക്കാരനാണ് നായിക.
ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
"അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കാട് വിട്ടിറങ്ങി അട്ടപ്പാടിയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഒറ്റയാൻ ഈ സിനിമയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ് എന്നിവർ ചേർന്നാണ് സിഗ്നേച്ചർ നിർമ്മിക്കുന്നത്.
അട്ടപ്പാടിയും ഒറ്റയാനും ചില ജീവിതങ്ങളും; "സിഗ്നേച്ചർ" തുടങ്ങി
01:52 PM Oct 21, 2021 | Deepika.com