മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും രാപകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ഒരുക്കുന്ന വന്ദേഭാരത് ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിലീസ് ചെയ്തു.
അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ് രാഷ്ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന ഒന്പത് മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്.
ഒമ്പതുപേർ, ഭാരതത്തിന്റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഗാനത്തിനുണ്ട്. ഇത്തരം സവിശേഷതകളുമായി എത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണെന്നും അതുകൊണ്ടുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ഗിന്നസ് ലോകറിക്കാർഡാണെന്നും അണിയറപ്രവർത്തകർ പറയുന്നു.
40 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറപ്രവർത്തകരെല്ലാം മലയാളികളാണ്. ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ, മോഹനൻ. കെ, ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമിക്കുന്നത്. ദൃശ്യാവിഷ്കാരം നിർവഹിക്കുന്നത് ശെൽഭാസ്കറാണ്. ഡോ. മനുവിന്റെ വരികൾക്ക് ബിഷോയ് അനിയൻ സംഗീതം പകരുന്നു.
ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം
03:36 PM Oct 03, 2021 | Deepika.com