പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാൻ. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ ദുല്‍ഖര്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ നിരവധി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ ദുല്‍ഖറിനെ കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്തെടുത്തത് സൗരവ് ആയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ്.
ദുല്‍ഖര്‍ വളരെ ശാന്തനായ ഒരു വിദ്യാര്‍ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അവന് കാര്യങ്ങള്‍ കണ്ട് മനസിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും.
ഒരുപക്ഷേ അവന് വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാന്‍ തയാറായി ആള് ഇരിപ്പുണ്ടാവുവെന്നും സൗരവ് പറഞ്ഞു.
"ദുൽഖർ: ശാന്തത മുഖമുദ്രയാക്കിയയാൾ...'
08:07 PM Sep 20, 2021 | Deepika.com