അന്യഭാഷയിൽനിന്നെത്തി മലയാളത്തിന്റെ മനംകവർന്ന നടിയാണ് മന്യ. താരത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ലോഹിതദാസ് ചിത്രമായ ജോക്കറിലെ കമല. എല്ലാ കഥാപാത്രങ്ങളും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ ഒരു രംഗത്തിൽ താൻ വികാരാധീനയായിപ്പോയെന്ന് വെളിപ്പെടുത്തുകയാണ് മന്യ.
നടൻ ബഹദൂർ പുലിക്കൂട്ടിൽ കുടുങ്ങിയ രംഗത്തെക്കുറിച്ചാണ് മന്യ വിവരിച്ചത്. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയെന്നും നടി പറഞ്ഞു.
'കാമറയും ലൈറ്റുമെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അത് അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. അദ്ദേഹം ശരിക്കും കരയുകയാണ് എന്നാണ് ഞാന്‍ കരുതിയത്. പിന്നെ അച്ഛനുമായുള്ള ബന്ധമൊക്കെ അഭിനയിക്കുകയായിരുന്നില്ല, വളരെ റിയലിസ്റ്റിക് ആയിരുന്നു.'- മന്യ പറയുന്നു.
ജോക്കര്‍ സിനിമയില്‍ അഭിനയിച്ചത് എല്ലാം വളരെ മുതിര്‍ന്ന, കഴിവുള്ള താരങ്ങളായിരുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ജാഡ ഇല്ലായിരുന്നുവെന്നും അതാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും മന്യ കൂട്ടിച്ചേർത്തു.