നടൻ വലിയശാല രമേശിന്റെ മരണത്തിന്റെ ഞെട്ടലിൽ മലയാള സിനിമ-സീരിയല്‍ ലോകം. ശനിയാഴ്ച്ച പുലർച്ചയോടെ രമേശിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ, മനസിലാകുന്നില്ലല്ലോ. ഒന്നും അറിയുന്നില്ലല്ലോ എന്നായിരുന്നു സീമ ജീ നായരുടെ കുറിപ്പ്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു മനസ്സിലാകുന്നില്ല എന്നാണ് നടി സീമ ജി.നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ, മനസ്സിലാകുന്നില്ലല്ലോ. ഒന്നും അറിയുന്നില്ലല്ലോ.’’ - സീമ കുറിച്ചു.
‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ.’-ബാലാജി ശർമ കുറിച്ചു.
എന്തിനാ പ്രിയപ്പെട്ട രമേശേ.... ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്...?! കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ. അതാണ് എന്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. നിന്റെ വിയോഗം എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല..!!!
ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഒരിക്കലും മറക്കില്ല. ആദരാജ്ഞലികൾ. മനോജ് നായർ പറഞ്ഞു.
‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ ..." പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ കുറിച്ചു.
രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല. ഒത്തിരി സങ്കടം’ എന്നായിരുന്നു നടൻ കിഷോർ സത്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില് ഒരാളായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ ആണ് അവസാനം അഭിനയിച്ച സിനിമ.
വിശ്വസിക്കാനാകുന്നില്ല, ഒന്നും അറിയുന്നില്ലല്ലോ; വേദനയോടെ സിനിമ-സീരിയല്‍ ലോകം
06:07 AM Sep 12, 2021 | Deepika.com