ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് നയന്‍താര അടുത്തിടെയാണ് വെളിപ്പെടുത്തിയത്. വിഘ്നേഷും നയന്‍സും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നതും. ഇപ്പോളിതാ വിഘ്നേഷില്‍ തനിക്ക് ഇഷ്ടമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി.
ഏതുകാര്യത്തിലും എപ്പോഴും തന്നെ പിന്തുണച്ച് ഒപ്പം ഉണ്ടാകുന്ന ആളാണ് വിഘ്നേഷ്. വീട്ടുകാരെയും നല്ല രീതിയില്‍ സംരക്ഷിക്കുന്ന ആളാണ്. ഒരു കാര്യത്തിനും അദ്ദേഹത്തോട് എനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല.അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നതുതന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ്- നയന്‍താര പറഞ്ഞു.
വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹ നിശ്ചയമെന്ന് നടി വെളിപ്പെടുത്തി. കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും അറിയിച്ച് ഗംഭീരമായിട്ടാകും നടത്തുകയെന്ന ഉറപ്പും നടി ഒരു അഭിമുഖത്തിനിടെ നല്കി. ഇക്കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് നയൻതാര വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹനിശ്ചയ മോതിരവും കാണിച്ചു.
എന്നാല്‍ എന്നാണ് വിവാഹമെന്നു താരം വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 25 ന് നയന്‍താര മോതിരം അണിഞ്ഞുനില്‍ക്കുന്ന ചിത്രം വിഘ്നേശ് ശിവന് പങ്കുവച്ചിരുന്നു. അത് വിവാഹ നിശ്ചയ മോതിരമാണെന്ന് ആരാധകര്‍ കരുതിയെങ്കിലും അന്നു സ്ഥിരീകരണം ഇല്ലായിരുന്നു.
നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് നയന്‍താരയും വിഘ്നേശ് ശിവനും പരിചയപ്പെടുന്നത്. തുടര്‍ന്ന് പരിചയം പ്രണയമാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനും തുടങ്ങി. അവധിദിനങ്ങള്‍ ആഘോഷമാക്കി മാറ്റാന്‍ ഇരുവരും ഒരുമിച്ച് വിദേശ യാത്രകള്‍ നടത്താറുണ്ട്. വിശേഷ ദിവസങ്ങളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്യാറുണ്ട്.
നിശ്ചയം ലളിതം; കല്യാണം ഗംഭീരമാകും...
04:59 PM Aug 19, 2021 | Deepika.com