ബോളിവുഡിലെ മുൻനിര താരമാണ് ദീപിക പദുകോണ്‍. രണ്‍വീർ സിംഗുമായുള്ള വിവാഹശേഷവും താരമൂല്യം തെല്ലു പോലും ഇടിയാതെ ബോളിവുഡിൽ മുന്നിൽ തന്നെയാണ് ദീപിക. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീടു തിരക്കേറിയ നായികയായി മാറി.
സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ദീപിക അഭിനയിച്ചു. വിവാഹത്തിന് മുന്‍പ് രണ്‍വീർ സിംഗിനൊപ്പം അഭിനയിച്ച ദീപികയുടെ സിനിമകളും വലിയ വിജയം നേടി. സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കിയ സിനിമകളാണ് ദീപികയുടെയും രണ്‍വീറിന്റെയും കരിയറിൽ വലിയ വഴിത്തിരിവായത്.
രണ്‍വീർ സിംഗിനെ നായകനാക്കിയാണ് സഞ്ജയ് ലീല ബൻസാലി പുതിയ ചിത്രം എടുക്കുന്നത്. ബൈജു ബവ്ര എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
1952-ൽ ഇതേപേരിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബൻസാലി ഒരുക്കുന്നതെന്നാണ് സൂചനകൾ. മുഗൾ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തിൽ സംഗീത മാന്ത്രികൻ ടാൻസനെ വെല്ലുവിളിച്ച ഒരു യുവ സംഗീതജ്ഞന്റെ കഥയാണ് ചിത്രം പറയുന്നത്.
തന്റെ പുതിയ ചിത്രത്തിലും നായികയായി ദീപികയെ ആണ് ബൻസാലി പരിഗണിച്ചത്. എന്നാൽ ദീപിക ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ നിർമാതാക്കൾ വിസമ്മതിച്ചതിനാൽ നടി പുറത്തായതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്‍വീർ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തനിക്കും നൽകണമെന്നാണ് ദീപിക പദുകോണ്‍ ആവശ്യപ്പെട്ടത്. എന്നാൽ നിർമാതാക്കൾ അതിന് തയാറായില്ല. നിലവിൽ ബോളിവുഡിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക പദുകോണ്‍.
ഭർത്താവ് രണ്‍വീറിനേക്കാൾ തനിക്ക് ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയിൽ തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രാധാന്യം സംബന്ധിച്ച് മുന്‍പു തന്റെ നിലപാട് വ്യക്തമാക്കിയിട്ടുളള ആളാണ് ദീപിക. ദീപികയെ പോലെ തന്നെ നിരവധി നടിമാർ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
രണ്‍വീറിന്റെ നായികയായി അഭിനയിച്ച 83യാണ് ദീപികയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. കൂടാതെ തെലുങ്കിൽ പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ദീപിക നായികയാവുന്നു. ദീപിക ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഭർത്താവിന് കൊടുക്കുന്ന പ്രതിഫലം തന്നെ വേണം! ചിത്രത്തിൽ നിന്നു ദീപിക പുറത്ത്
05:03 PM Aug 11, 2021 | Deepika.com