ഫ്ളവേഴ്സ് ടിവി യുടെ ലോകോത്തര സ്റ്റേജ് ഫോർമാറ്റ് മികവിലെത്തുന്ന ടോക്ക് ഷോ "ഫ്ളവേഴ്സ് ഒരു കോടി' ഓഗസ്റ്റ് എട്ടിന് സംപ്രേഷണം ആരംഭിക്കും. ഞായർ മുതൽ ബുധൻ വരെ രാത്രി ഒമ്പതിനാണ് ഷോ. ഒരിടവേളക്കു ശേഷം ആർ. ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് വിനോദ ചാനലിൽ കേന്ദ്ര അവതാരകനായ് എത്തുന്നു എന്ന സവിശേഷത ഈ പ്രോഗ്രാമിനുണ്ട്.
അറിവിന്റെയും വിജ്ഞാനത്തിന്റെയും കരുത്തിൽ വിജയത്തിന്റെ ഒരു കോടിയിലെത്താൻ ചിലപ്പോൾ ഇവിടെ ഒറ്റ ചോദ്യം മതി. ഒപ്പം ചോദ്യോത്തരങ്ങൾ പല റൗണ്ടുകളിലൂടെ കടന്ന് അവിടെ കാണുന്ന അറിവും വാക്ചാതുര്യവുമൊക്കെയാണ് വിജയത്തിന്റെ അളവുകോലായി മാറുന്നത്.
തികച്ചും അവിശ്വസനീയ വെളിച്ച വിതാനത്തിന്റെ പശ്ചാത്തലത്തിൽ റോബോട്ടിക് ടെക്നോളജിയും രസം പിടിപ്പിക്കുന്ന അവതരണ മികവും കൂടിച്ചേരുമ്പോൾ ഒരു അസൽ മിനി സ്ക്രീൻ കളിക്കളം തന്നെയായി മാറും "ഫ്ളവേഴ്സ് ഒരു കോടി'. ചാനലിന്റെ ചീഫ് പ്രൊഡ്യൂസറായ രാഗേഷ് പനയാൽ ആണ് ഷോ ഡയറക്ടർ.
പ്രോഗ്രാമിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കളർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ fk@flowerstv.in എന്ന ഇ-മെയിൽ വിലാസത്തിലും ചാനൽ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയും അയക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർ ഓഡിഷനിലൂടെയാണ് മത്സരത്തിന്റെ ഭാഗമാകുന്നത്.
പ്രേം ടി. നാഥ്