ഏഷ്യാനെറ്റ് ബിഗ്ബോസ് മലയാളം സീസൺ 3 ഗ്രാൻഡ് ഫിനാലെയിൽ യുവനടൻ മണിക്കുട്ടനെ വിജയിയായി. ഷോയുടെ അവതാരകൻ കൂടിയായ സൂപ്പർതാരം മോഹൻലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന 75 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് വിജയിക്ക് ലഭിക്കുക.
സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. പ്രേക്ഷകർ നൽകിയ ഓൺലൈൻ വോട്ടിംഗിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.
2005ൽ വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ടി'ലൂടെയാണ് മണിക്കുട്ടൻ സിനിമയിൽ തുടക്കം കുറിക്കുന്നത്. എന്നാൽ "കായംകുളം കൊച്ചുണ്ണി'എന്ന ആദ്യ സീരിയലിലൂടെയാണ് താരം അഭിനയരംഗത്തു ശ്രദ്ധ നേടുന്നത്. തുടർന്ന് നാല്പതിൽപരം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമ "നവരസ'വും മോഹൻലാൽ ചിത്രം "മരക്കാർ അറബിക്കടലിന്റെ സിംഹവും' ഈ വർഷത്തെ പുതിയ തിരിച്ചു വരവിന്റെ സിനിമകളാണ്.'
പ്രേംടി.നാഥ്