കമല്ഹാസന് നായകനായി എത്തുന്ന, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിൽ അഭിനയിക്കാൻ ഫഹദ് ഫാസിലെത്തി. കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ ഫഹദ് ഫാസിൽ ഫേസ്ബുക്കില്‍ പങ്കുവച്ചു. മാലിക്ക് കണ്ട കമൽഹാസനും ലോകേഷും മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഇരുവരെയും അഭിനന്ദിച്ചത്. ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായമെന്ന് മാലിക്കിന്റെ നിർമാതാവ് ആന്റോ ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.
വേലൈക്കാരന് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും വില്ലനായെത്തുന്ന തമിഴ് ചിത്രമാണ് വിക്രം. കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് വിക്രം എന്നാണ് പുറത്തുവരുന്ന സൂചന. ഫഹദ് ഫാസില്‍ ഒരു യുവരാഷ്ട്രീയ നേതാവിന്റെ റോളിലാണ് സിനിമയിൽ എത്തുകയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് ചിത്രം മാസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വിക്രം.
വിക്രത്തിൽ തകർക്കാൻ ഫഹദ് എത്തി; മാലിക്കിനെ അഭിനന്ദിച്ച് കമൽഹാസൻ
01:16 AM Jul 26, 2021 | Deepika.com